അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 മാര്‍ച്ച് 2020 (10:14 IST)
സ്പെയിനിൽ
കൊവിഡ് 19 കേസുകൾ വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ
ലാ ലിഗ ഫുട്ബോൾ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സരങ്ങള്‍ പുനരാരംഭിക്കില്ലെന്ന് ലാ ലിഗയും സ്‍പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും സംയുക്ത പ്രസ്തവനയിലൂടെ വ്യക്തമാക്കി.
ഇറ്റലിക്ക് പുറമെ സ്പെയിനിലും കൊവിഡ് 19 ബാധ കടുത്ത നാശങ്ങൾ വരുത്താൻ തുടങ്ങിയതോടെയാണ് ലാ ലിഗ മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. സ്പാനിഷ് ജനതക്കായി ആവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്ന എല്ലാവർക്കും സ്‍പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍റെയും ലാ ലിഗയുടെയും നന്ദി അറിയിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാ കുടുംബങ്ങള്‍ക്കും അനുശോചന അറിയിക്കുകയും അവരെ ചേർത്തുനിർത്തുകയും ചെയ്യുന്നു. ഇരു അസോസിയേഷനുകളും സംയുക്തമായി അറിയിച്ചു.
ഇറ്റലിക്ക് പുറമെ കടുത്ത ആഘാതമാണ് കൊവിഡ് 19 സ്പെയിനിൽ സൃഷ്ടിക്കുന്നത്. ഇതുവരെ 33,000 ലധികം ആളുകൾക്കാണ് സ്പെയിനിൽ രോഗം ബാധിച്ചത്.ഇതുവരെ 2,100ന് മുകളിൽ ആളുകൾ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു, ഇന്നലെ മാത്രം 500ന് മുകളിൽ ആളുകളാണ് സ്പെയിനിൽ വൈറസ് ബാധയേറ്റ് മരിച്ചത്.