ഷിക്കാഗോ|
jibin|
Last Updated:
ശനി, 11 ജൂണ്‍ 2016 (14:25 IST)
ഫുട്‌ബോളിന്റെ മിശിഹ കളത്തിലിറങ്ങിയതോടെ കോപ്പയില്‍ അര്‍ജന്റീനയുടെ തേരോട്ടം. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന പനാമയെ തകര്‍ത്തുവിട്ടത്.
കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ പനാമയെ പരാജയപ്പെടുത്തിയതോ അര്‍ജന്റീന ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു.
മെസിയെ കരയ്‌ക്ക് ഇരുത്തി പനാമയ്‌ക്കെതിരെ ഇറങ്ങിയ അര്‍ജന്റീനയ്‌ക്ക് തുടക്കത്തില്‍ തന്നെ ഗോള്‍ നേടാനായി. നിക്കോളാസ് ഒട്ടമെന്‍ഡി ഏഴാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയതോടെ അര്‍ജന്റീനയ്ക്ക് മുന്‍തൂക്കം ലഭിച്ചെങ്കിലും തുടര്‍ന്ന് അങ്ങോട്ട് പനാമ ശക്തമായ പ്രതിരോധം സ്രഷ്‌ടിക്കുകയായിരുന്നു.
ഗോള്‍ നേടിയതിന്റെ ആത്മവിശാസം മാത്രമായിരുന്നു അര്‍ജന്റീനയ്‌ക്ക് ഉണ്ടായിരുന്നത്. അതേസമയം ഗോള്‍ കണ്ടെത്താന്‍ പനാമ ആഞ്ഞു ശ്രമിക്കുകയും ചെയ്‌തു. രണ്ടാം പകുതിയില്‍ പകരക്കാരനായി മെസി ഇറങ്ങിയതോടെ കളി കീഴ്‌മേല്‍ മറിയുകയായിരുന്നു. പനാമയുടെ ഗോള്‍ മുഖത്ത് പന്തുമായി പാഞ്ഞു നടന്ന മെസി എതിരാളികളുടെ ആത്മവിശ്വാസം തകര്‍ക്കുകയായിരുന്നു.
68മത് മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തിയ മെസി പത്ത് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍ കണ്ടെത്തുകയും ചെയ്‌തു. 87മത് മിനുറ്റില്‍ ഗോള്‍ നേടി ഹാട്രിക് തികയ്‌ക്കുകയും ചെയ്‌തു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ സെര്‍ജിയോ അഗ്യൂറയ്‌ക്ക് മികച്ച ഒരു പാസ് നല്‍കി അദ്ദേഹത്തെ കൊണ്ട് ഗോള്‍ അടിപ്പിക്കാനും മെസിക്കായി.