അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ജൂലൈ 2024 (14:49 IST)
കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിടുന്ന കാനറികള്‍ നാളെയിറങ്ങുന്നു. പുലര്‍ച്ച ആറരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ കൊളംബിയയാണ് കാനറികളുടെ എതിരാളികള്‍. വമ്പന്‍ ഫോമില്‍ മുന്നേറുന്ന
കൊളംബിയ ഗ്രൂപ്പിലെ 2 കളികളിലും വിജയിച്ച് 6 പോയന്റുകളോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. അതേസമയം ഓരോ ജയവും സമനിലയുമുള്ള ബ്രസീല്‍ 4 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.കൊളംബിയക്കെതിരെ സമനില നേടിയാലും ക്വാര്‍ട്ടര്‍ ഫൈനല്‍ ബ്രസീലിന് ഉറപ്പിക്കാനാകും.
എന്നാല്‍ കൊളംബിയക്കെതിരെ ബ്രസീല്‍ തോല്‍ക്കുകയാണെങ്കില്‍ കാനറികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാകും. ജയം മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് മത്സരത്തിന് മുന്‍പെ ബ്രസീല്‍ കോച്ച് ഡോറിവാള്‍ ജൂനിയര്‍ വ്യക്തമാക്കി കഴിഞ്ഞു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരെ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് തകര്‍പ്പന്‍ ഫോമിലുള്ള ഉറുഗ്വെയാണ്. ഈ വെല്ലുവിളി ഒഴിവാക്കാന്‍ കൊളംബിയക്കെതിരെ ഇന്ന് ബ്രസീലിന് വിജയിക്കേണ്ടതുണ്ട്.
അവസാന 10 കളികളും ജയിച്ചെത്തുന്ന കൊളംബിയ 2022ലെ ലോകകപ്പ് യോഗ്യതാ റൗണ്ടിന് ശേഷമുള്ള 25 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. അര്‍ജന്റൈന്‍ കോച്ചായ നെസ്റ്റോര്‍ ലോറന്‍സോയുടെ തന്ത്രങ്ങളുടെ കരുത്തിലാണ് കൊളംബിയയുടെ മുന്നേറ്റം. അതേസമയം കഴിഞ്ഞ മത്സരത്തില്‍ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആത്മവിശ്വാസമായാണ് ബ്രസീല്‍ ഇന്നിറങ്ങുന്നത്.സൂപ്പര്‍ താരമായ വിനീഷ്യസ് ജൂനിയര്‍ ഫോമിലെത്തിയത് ബ്രസീലിന് പ്രതീക്ഷ നല്‍കുന്നുണ്ട്.