അഭിറാം മനോഹർ|
Last Modified വ്യാഴം, 6 ഏപ്രില്‍ 2023 (16:16 IST)
കോപ്പ ഡെൽ റെയിൽ കഴിഞ്ഞ ദിവസം ചിരവൈരികളായ റയൽമാഡ്രിഡിനെതിരെ നടന്ന മത്സരം ബാഴ്സ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ പാദത്തിൽ റയലിനെതിരെ ഒരു ഗോളിന് വിജയം നേടിയ ബാഴ്സലോണയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. എന്നാൽ ഈ തോൽവിക്കിടയിലും ബാഴ്സ ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്തയാണ് പിഎസ്ജിയിൽ നിന്നും വരുന്നത്.
തങ്ങളുടെ സൂപ്പർ താരമായ മെസി പിഎസ്ജിയിൽ തുടരില്ലെന്ന് ഉറപ്പായതോടെ മെസ്സിയെ തിരിച്ചെത്തിക്കാൻ ഒന്നിച്ച് ആർപ്പുവിളികളുമായി രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സലോണ ആരാധകർ. മെസ്സി പിഎസ്ജിയിൽ തുടരില്ലെന്നും ക്ലബ് മെസ്സിയെ തിരികെയെത്തിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ വന്നതോടെയാണ് ആരാധകരും മെസ്സിയെ തിരികെ ക്ലബിലെത്തിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നത്.
മത്സരത്തിൻ്റെ പത്താം മിനിട്ടിലായിരുന്നു മെസ്സിക്കായി ആരാധകർ ചാൻ്റ് നടത്തിയത്. മെസ്സിയുടെ പത്താം നമ്പർ ജേഴ്സി പ്രതീകമായി ഉയർത്തി ക്യാമ്പ് ന്യൂ മുഴുവൻ മെസ്സിയുടെ പേര് ഉറക്കെ വിളിച്ചുപറയുകയായിരുന്നു.