അഭിറാം മനോഹർ|
Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (20:52 IST)
മുന്‍ കാമുകിയുടെ പീഡനാരോപണത്തെ തുടര്‍ന്ന് ബ്രസീല്‍ ദേശീയ ടീമില്‍ നിന്നും സൂപ്പര്‍ താരം ആന്റണിയെ പുറത്താക്കി. മുന്‍ കാമുകിയെ താരം ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ ബ്രസീലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് താരത്തിനെതിരെ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ നടപടിയെടുത്തത്.
ബൊളിവീയയ്ക്കും പെറുവിനുമെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ആന്റണിക്ക് പകരം ഗബ്രിയേല്‍ ജീസസിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഗാര്‍ഹിക പീഡനം ആരോപിച്ച് മെയ് 20നാണ് ആന്റണിയുടെ മുന്‍ കാമുകി പോലീസില്‍ പരാതി നല്‍കിയത്. നിരവധി തവണ ആന്റണി ക്രൂരമായി മര്‍ദ്ദിച്ചതായും ജനുവരി 15ന് മാഞ്ചസ്റ്ററില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പരാതിയില്‍ പറയുന്നു.