അഭിറാം മനോഹർ|
Last Modified ചൊവ്വ, 29 നവംബര്‍ 2022 (19:35 IST)
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ജി ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരവും വിജയിച്ച് പ്രീ ക്വാർട്ടർ യോഗ്യതനേടി ബ്രസീൽ. ഇന്നലെ നടന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ഒരു ഗോളിനായിരുന്നു ബ്രസീലിൻ്റെ വിജയം. 1966ന് ശേഷം തുടർച്ചയായ പതിനാലാം ലോകകപ്പിലാണ് ബ്രസീൽ ഗ്രൂപ്പ് ഘട്ടം അതിജീവിക്കുന്നത്. ആകെ 19 തവണ ബ്രസീൽ പ്രീ ക്വാർട്ടറിലെങ്കിലും എത്തിയിട്ടുണ്ട്.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബ്രസീൽ ജയിക്കുന്നത് ഇത് പത്താം തവണയാണ്. 1998ലെ ലോകകപ്പിൽ നോർവെയ്ക്കെതിരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ അവസാനമായി തോൽവി ഏറ്റുവാങ്ങിയത്. ഇന്നലെ സൂപ്പർ താരം നെയ്മറില്ലാതെ ഇറങ്ങിയിട്ടും സ്വിസ് പ്രതിരോധക്കോട്ട തകർക്കാൻ കാനറികൾക്കായി. കാസമീറോ ആയിരുന്നു മത്സരത്തിൽ ബ്രസീലിൻ്റെ വിജയഗോൾ നേടിയത്.