ബ്യൂണേഴ്‌സ് അയേഴ്‌സ്|
jibin|
Last Updated:
വെള്ളി, 13 നവംബര്‍ 2015 (10:22 IST)
കനത്ത മഴയെ തുടര്‍ന്നു ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം മാറ്റിവച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 5.30നു മത്സരം മാറ്റുകയായിരുന്നു. യോഗ്യതാ മത്സരങ്ങളിലെ മൂന്നാം റൌണ്ടിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.
അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണേഴ്‌സ് അയേഴ്‌സില്‍ നാളെ നടക്കുന്ന പോരാട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുബോള്‍ മറ്റൊരു സൂപ്പര്‍ പോരാട്ടത്തിനാകും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയുടെയും സെര്‍ജിയോ അഗ്യൂറോയും ഇല്ല എന്നതാണ് അര്‍ജന്റീനയെ വലയ്‌ക്കുന്ന പ്രധാന പ്രശ്‌നം. ഇരുവര്‍ക്കും പിന്നാലെ കാര്‍ലോസ് ടെവസിന് കൂടി പരിക്കേറ്റത് അര്‍ജന്റീന ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടെവസ് കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം, ബ്രസീല്‍ ആശങ്കകളൊന്നുമില്ലാതെയാണ് ഇറങ്ങുക. വെറ്ററന്‍ താരം കക്കയും സൂപ്പര്‍ താരം നെയ്‌മറും അടങ്ങുന്ന കാനറിപ്പടയില്‍ ജയപ്രതീക്ഷ കൂടുതലാണ്.
ലോകകപ്പ് യോഗ്യത റൌണ്ടിലെ ആദ്യ രണ്ട് മത്സരത്തിലും ഒരു ഗോള്‍ പോലും അര്‍ജന്റീനക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ പരാഗ്വെയോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്തു.
തങ്ങളുടെ മുഖ്യശത്രുവിനെ മുട്ടുകുത്തിക്കുക എന്നതിനപ്പുറം 2018 റഷ്യന്‍ ലോകകപ്പിലേക്കുള്ള കഠിനമായ പാതയിലാണ് ബ്രസീലും അര്‍ജന്റീനയും.