മാഡ്രിഡ്|
അഭിറാം മനോഹർ|
Last Modified ഞായര്‍, 3 ഒക്‌ടോബര്‍ 2021 (11:18 IST)
മാഡ്രിഡ്: മോശം പ്രകടനങ്ങൾക്ക് അറുതി കാണാനാവാതെ സൂപ്പർ ക്ലബ് ബാഴ്‌സലോണ. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയോടേറ്റ തോല്‍വിക്ക് പിന്നാലെ ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിലും റൊണാള്‍ഡ് കോമാന്റെ സംഘം തോറ്റുമടങ്ങി.
എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു ബാഴ്‌സയുടെ തോൽവി. കോമാൻ ബാഴ്‌സ പരിശീലകനായതിന് പിന്നാലെ ടീമിൽ നിന്നും പുറത്തായ ലൂയിസ് സുവാരസായിരുന്നു മത്സരത്തിൽ ഒരു ഗോൾ നേടിയത്. സുവാരസ് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.
23-ാം മിനിറ്റില്‍ സുവാരസിന്റെ കൃത്യമായ പാസില്‍ നിന്ന് തോമസ് ലെമറാണ് അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 44-ാം മിനിറ്റില്‍ സുവാരസ് അത്‌ലറ്റികോയുടെ ലീഡ് ഉയർത്തി.ജയത്തോടെ 17 പോയന്റുമായി അത്‌ലറ്റിക്കോ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 12 പോയന്റ് മാത്രമുള്ള ബാഴ്‌സലോണ ലീഗിൽ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ ആറു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീമിന് ജയം കാണാനായത്.