രേണുക വേണു|
Last Modified ബുധന്‍, 20 നവംബര്‍ 2024 (09:32 IST)
Argentina vs Peru, Brazil vs Uruguay: ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്കു ജയം, ബ്രസീലിനു സമനില. പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന തോല്‍പ്പിച്ചപ്പോള്‍ ബ്രസീല്‍ സമനില വഴങ്ങിയത് ഉറുഗ്വായ്‌ക്കെതിരെ. ബ്രസീലിനും ഉറുഗ്വായ്ക്കും ഓരോ ഗോളുകള്‍ സ്‌കോര്‍ ചെയ്യാനാണ് സാധിച്ചത്.
വാശിയേറിയ പോരാട്ടത്തിന്റെ 55-ാം മിനിറ്റിലാണ് ലൗത്താറോ മാര്‍ട്ടിനെസിന്റെ ഉജ്ജ്വല ഗോളിലൂടെ അര്‍ജന്റീന പെറുവിനെ വീഴ്ത്തിയത്. നായകന്‍ ലയണല്‍ മെസി പെനാല്‍റ്റി ബോക്‌സിന്റെ ഇടത് സൈഡില്‍ നിന്ന് നല്‍കിയ പാസ് കിടിലന്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു മാര്‍ട്ടിനെസ്.
ബ്രസീലിനെതിരെ ഉറുഗ്വായ് ആണ് ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തത്. ഫെഡറിക്കോ വല്‍വേര്‍ദേ ആണ് 55-ാം മിനിറ്റില്‍ ഉറുഗ്വായ്ക്കായി ഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ ബ്രസീലിനായി ജെര്‍സണ്‍ ഉറുഗ്വായ് വല കുലുക്കി. കൂടുതല്‍ സമയം പന്ത് കൈവശം വെച്ചിട്ടും ബ്രസീലിനു പിന്നീട് ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.