രേണുക വേണു|
Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2024 (08:28 IST)
Argentina vs Bolivia, World Cup Qualifier: ലോകകപ്പ് ക്വാളിഫയറില്‍ ബൊളീവിയയെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. നായകന്‍ ലയണല്‍ മെസിക്ക് ഹാട്രിക്. അര്‍ജന്റീന ആറ് തവണ തങ്ങളുടെ വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ ബൊളീവിയ നിസഹായരായി നിന്നു. കോപ്പ അമേരിക്ക ഫൈനലിലെ പരുക്കിനു ശേഷം മെസി അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കുന്ന രണ്ടാമത്തെ മത്സരമായിരുന്നു ഇത്.
19-ാം മിനിറ്റില്‍ ബൊളീവിയന്‍ ഡിഫന്‍ഡര്‍ മാര്‍സലോ സുവാരസിനു സംഭവിച്ച പാളിച്ചയില്‍ നിന്ന് മെസിയാണ് അര്‍ജന്റീനയ്ക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റില്‍ മെസിയുടെ പാസ് ലക്ഷ്യത്തിലെത്തിച്ച് ലൗത്താറോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയുടെ ഇടവേളയ്ക്കു പിരിയും മുന്‍പ് ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന മൂന്നാം ഗോള്‍ നേടി. അല്‍വാരസ് നേടിയ ഗോളിലും മെസിയുടെ പങ്കാളിത്തമുണ്ടായിരുന്നു.
രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ തിയാഗോ അല്‍മാഡയാണ് അര്‍ജന്റീനയുടെ നാലാം ഗോള്‍ സ്‌കോര്‍ ചെയ്തത്. പിന്നീട് 84, 86 മിനിറ്റുകളില്‍ മെസി തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ നേടി അര്‍ജന്റീനയുടെ ഗോള്‍വേട്ട ആറിലേക്ക് എത്തിച്ചു. മത്സരത്തിന്റെ മുക്കാല്‍ ഭാഗവും അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു പന്ത്. മെസിക്കും സംഘത്തിനും ഭീഷണി ഉയര്‍ത്താന്‍ ഒരു ഘട്ടത്തിലും ബൊളീവിയയ്ക്കു സാധിച്ചില്ല. ലോകകപ്പ് യോഗ്യത പോയിന്റ് ടേബിളില്‍ 22 പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.