രേണുക വേണു|
Last Modified ശനി, 3 ഡിസംബര്‍ 2022 (13:38 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അര്‍ജന്റീന ക്യാംപില്‍ നിരാശ. സൂപ്പര്‍താരം ഏഞ്ചല്‍ ഡി മരിയ പരുക്കിനെ തുടര്‍ന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിച്ചേക്കില്ല എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കാലിലെ മാംസപേശികളില്‍ കടുത്ത വേദന അനുഭവിക്കുന്ന താരം ഇപ്പോള്‍ വിശ്രമത്തിലാണ്. ഡി മരിയ പ്രീ ക്വാര്‍ട്ടറില്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ലെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോനി ഇന്നലെ പറഞ്ഞിരുന്നു.
പോളണ്ടിനെതിരായ മത്സരത്തിനിടെയാണ് ഡി മരിയയ്ക്ക് പരുക്കേറ്റത്. ഇതേ തുടര്‍ന്ന് മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ഡി മരിയയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി താരം പൂര്‍ണ വിശ്രമത്തിലാണ്. ഇന്ന് വൈകിട്ട് നടക്കുന്ന പരിശോധനയ്ക്ക് ശേഷം മാത്രമേ ഡി മരിയയ്ക്ക് കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരൂ. അര്‍ജന്റൈന്‍ മുന്നേറ്റങ്ങള്‍ക്ക് മെസിക്കൊപ്പം ചുക്കാന്‍ പിടിക്കുന്നത് ഡി മരിയയാണ്. ഡി മരിയയുടെ അഭാവം ടീമിനെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരാധകരുടെ പേടി.