രേണുക വേണു|
Last Modified ബുധന്‍, 30 നവംബര്‍ 2022 (08:34 IST)
അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുമോ? അര്‍ജന്റീനയുടെയും ലയണല്‍ മെസിയുടെയും ആരാധകര്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തിനായി അര്‍ജന്റീന ഇന്നിറങ്ങും. രാത്രി 12.30 നാണ് മത്സരം. അതായത് ഇന്ത്യന്‍ സമയം ഡിസംബര്‍ ഒന്ന് വ്യാഴം പുലര്‍ച്ചെ 12.30 ! പോളണ്ടാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീനയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകമാകില്ല. പോളണ്ടിനെതിരെ ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലെത്തും. സമനിലയായാല്‍ പോലും അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല.
പോളണ്ടിനെതിരായ മത്സരം സമനിലയിലായാല്‍ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ആ ഗ്രൂപ്പിലെ മറ്റൊരു മത്സരമായ സൗദി അറേബ്യ-മെക്‌സിക്കോ മത്സരം കൂടി സമനിലയിലാകണം. അതുകൊണ്ട് ജീവന്‍ പണയംവെച്ചും പോളണ്ടിനെതിരെ ജയിക്കാനാണ് മെസിപ്പട ലക്ഷ്യമിടുക.