2021 Flashback: 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക് അർജന്റീനയിലേക്കെത്തിയ വർഷം

അഭിറാം മനോഹർ| Last Updated: ചൊവ്വ, 28 ഡിസം‌ബര്‍ 2021 (21:48 IST)
28 വർഷകാലത്തെ കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കിരീടം സ്വന്തമാക്കിയ വർഷം എന്ന നിലയിൽ ആരാധകർക്ക് മറക്കാനാവാത്ത ഓർമകളാണ് 2021 തന്നത്. ക്ലബ് ഫുട്‌ബോളിൽ എല്ലാ കിരീടങ്ങളും നേടാനായപ്പോഴും ദേശീയ ടീമിൽ അഭിമാനിക്കാൻ തക്ക കിരീടനേട്ടങ്ങൾ ഇല്ലാ എന്നത് മെസ്സിയുടെ ഇതിഹാസതുല്യമായ കരിയറിൽ ഒരു കറുത്ത പാടാകുമായിരുന്നു.

എന്നാൽ മുന്നിൽ നിന്ന് നയിച്ച് ചിരവൈരികളായ ബ്രസീലിനെതിരെ വിജയം സ്വന്തമാക്കാനായപ്പോൾ മെസ്സി തന്റെ പേര് ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതിചേർക്കുകയായിരുന്നു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അർജന്റീനയുടെ ആദ്യ കപ്പ് നേട്ടമാണെന്നത് കൂടി പരിഗണിക്കുമ്പോ‌ഴാണ് കിരീട നേട്ടത്തിന്റെ ആവേശം മനസിലാകുക.


1986ൽ മറഡോണ യുഗത്തിൽ നേടിയ ലോകകപ്പും 1993ൽ ബാറ്റിസ്റ്റ്യൂട്ട യുഗത്തിൽ നേടിയ കോപ്പ അമേരിക്കയുമല്ലാതെ മറ്റൊരു മേജർ ടൂർണമെന്റ് അർജന്റീനയിലേക്ക് എത്തിയിട്ടില്ലെന്ന ചരിത്രമാണ് മെസ്സിയും കൂട്ടരും തിരിത്തിയെഴുതിയത്.
ബ്രസീലിനെതിരായ ഫൈനൽ മത്സരത്തിൽ വളരെ കുറച്ച് അവസരങ്ങളെ സൃഷ്ടിച്ചുള്ളെങ്കിലും 22-ാം മിനിറ്റിൽ ഗോൾ നേടുകയും ആ ലീഡ് മത്സരം അവസാനിക്കുന്നത് നിലനിർത്താൻ അർജന്റീനയുടെ പ്രതിരോധനിരയ്ക്ക് സാധിക്കുകയും ചെയ്‌തു.

22-ാം മിനിറ്റിൽ എയഞ്ചൽ ഡി മരിയാണ് അർജന്റീനയ്ക്കായി വിജയ ഗോൾ കണ്ടെത്തിയത്. മധ്യ നിരയിൽ നിന്ന് റോഡ്രിഗോ ഡി പോൾ നൽകിയ ലോങ് പാസ് ഡി മരിയ ബ്രസീലയൻ ബോക്സിൽ നിന്ന് ഏറ്റ് വാങ്ങി മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സണിനെ ഒരു ചിപ്പിലൂടെ മറികടന്ന് ഗോളാക്കി മാറ്റുകയായിരുന്നു.അവസാന നിമിഷം മെസിക്ക് ലീഡ് ഉയർത്താൻ അവസരം ലഭിച്ചെങ്കിലും കാനറികൾക്ക് അർജന്റീനയുടെ വല കുലുക്കാനായില്ല.

ത്സരം നിശ്ചിത സമയം പിന്നിട്ട് അഞ്ച് മിനിറ്റുകൾക്ക് ശേഷം റഫറി വിസ്സിൽ ഊതിയതിന് ശേഷം കാനറികളുടെ നാട്ടിൽ വെച്ച് അർജന്റീന തങ്ങളുടെ 15-ാം കോപ്പ കിരീടം ഉയർത്തി. 2021 തങ്ങൾക്ക് അവിസ്‌മരണീയമായ വർഷമാക്കി മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :