‘മിഴികള്‍’ ഈറനാക്കുന്ന ‘സാക്ഷി’

PROPRO
മതവും തീവ്രവാദവും വിപ്ലവവുമെല്ലാം മുമ്പും സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍ മകന്‍ നഷ്ടമായ ഒരമ്മയുടെ ഹൃദയത്തിലൂടെ ഇക്കാര്യങ്ങള്‍ നോക്കിക്കാണുമ്പോള്‍ വ്യത്യസ്തമാകും. അശോക് ആര്‍ നാഥിന്‍റെ ‘മിഴികള്‍ സാക്ഷി’ അതാണ്. തികച്ചും ശാന്തമായി ഒഴുകുന്ന ചിത്രം ചില്ലറ പിഴവുകള്‍ ഒഴിച്ചാല്‍ നിങ്ങളെ ആര്‍ദ്രമാക്കും.

ഡിസംബര്‍ പോലെ വമ്പന്‍ പരാജയമായി മാറിയ ചിത്രത്തിന്‍റെ പാറ്റേണില്‍ നിന്നും തികച്ചും മാറി നല്ല ചിത്രം ഒരുക്കാനുള്ള അശോക് ആര്‍ നാഥിന്‍റേ ശ്രമം അത്ര കണ്ട് പരാജയമല്ല. എന്നിരുന്നാലും മതവും തീവ്രവാദവും വിപ്ലവവുമെല്ലാം കൂനിയമ്മയെ ഫോക്കസ് ചെയ്തു മുന്നേറുന്ന ചിത്രത്തിന്‍റെ ഒഴുക്കിനെ ചെറുതല്ലാതെ ബാധിക്കുന്നുണ്ട്.

മരണപ്പെട്ട വിപ്ലവകാരിയായ മകനെ തിരഞ്ഞ് തെരുവുകള്‍ തോറും അലയുന്ന കൂനിയമ്മയിലൂടെയാണ് ചിത്രം അനാവൃതമാകുന്നത്. സ്വന്തം മകന്‍ മരണമടഞ്ഞ വിവരം കൂനിയമ്മ അറിയുന്നില്ല. വിപ്ലവകാരിയായ സ്വന്തം മകനുവേണ്ടി നാടും നഗരവും താണ്ടുകയാണ് കൂനിയമ്മ. ഒടുവില്‍ മകന്‍ നഷ്ടപ്പെട്ട വിവരം അവര്‍ തിരിച്ചറിയുന്നു.

മകന്‍ നഷ്ടമായ അമ്മയുടെ വിഹ്വലതകളില്‍ സുകുമാരി തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. അലസമായിട്ടാണ് ചിത്രം തുടങ്ങുന്നതെങ്കിലും മുന്നേറുമ്പോള്‍ ശ്രദ്ധേയമാകുന്നത് കാണാം. എന്നാല്‍ പകുതിക്ക് വച്ച് കഥയുടെ ഒഴുക്ക് നഷ്ടമാകുന്ന ചിത്രത്തിന് പിന്നീട് ഇത് തിരിച്ചുപിടിക്കാന്‍ കഴിയാതെ വരുന്നുണ്ട്. പ്രത്യേകിച്ചും മതവും ഭീകരവാദവും പറയുമ്പോള്‍.

സുകുമാരിക്ക് കരിയറില്‍ തന്നെ കിട്ടിയിരിക്കുന്ന മികച്ച വേഷങ്ങളില്‍ ഒന്നാണ് ചിത്രത്തിലെ പ്രധാന വേഷമായ കൂനിയമ്മ. അവിസ്മരണീയമായ പ്രകടനം നടത്താന്‍ ഇതിലൂടെ സുകുമാരിക്ക് കഴിഞ്ഞു. മിഴികള്‍ സാക്ഷിയുടെ ജീവന്‍ എന്നത് സുകുമാരിയുടെ മികച്ച പ്രകടനം തന്നെയാണ്. ഒരു സമയത്തു പോലും അവര്‍ നിരാശപ്പെടുത്തുന്നില്ല.

കൂനിയമ്മയും അവരുടെ യാത്രകളും തീയറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷകനെ പിന്തുടരും. മോഹന്‍ലാല്‍ അതിഥി താരമാണ്. കൂനിയമ്മയുടെ മകനായി പ്രത്യക്ഷപ്പെടുന്ന ലാല്‍ പതിയെ കടന്നു വന്ന് ഹൃദയത്തിലേക്ക് ചേക്കേറുകയാണ്. കൊച്ചു പ്രേമന്‍റെ ചൊള്ളി സ്വാമിയും മറ്റു താരങ്ങളും നല്ല നിലവാരം പുലര്‍ത്തുന്നു. ചിത്രത്തിന്‍റെ സംഗീതമാണ് മറ്റൊന്ന്.

WEBDUNIA|
ശബ്ദ കോലാഹലമോ ബഹളമോ ഇല്ലാത്ത സംഗീതം ദീര്‍ഘ കാലത്തിനു ശേഷം മടങ്ങി വന്നിരിക്കുന്നു. വളരെ നാളുകള്‍ക്ക് ശേഷം സംഗീത സംവിധാന രംഗത്തേക്ക് എത്തിയ ദക്ഷിണാമൂര്‍ത്തി ഇക്കാര്യത്തില്‍ നിലവാരം കാട്ടുന്നു. പ്രേക്ഷകരുടെ ഹൃദയത്തെ ആര്‍ദ്രമാക്കാനും ചെറുതായി കണ്ണ് നനയിപ്പിക്കാനും മിഴികള്‍ സാക്ഷിക്കു കഴിയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :