സംവിധായകന്‍ പൂച്ച; പ്രേക്ഷകര്‍ എലികള്‍

യാത്രി ജെസെന്‍

WEBDUNIA|
ഒരു കഥ പറച്ചിലുകാരന് കേള്‍വിക്കാരെക്കുറിച്ച് ഉണ്ടായിരിക്കേണ്ട ധാരണ എന്തായിരിക്കണം? തന്നേക്കാള്‍ ബുദ്ധിയും ഭാവനാശേഷിയും ഉള്ളവരാണ് കേട്ടുകൊണ്ടിരിക്കുന്നവരെന്ന് ഉള്ള ബോധം. എന്നാല്‍ കഥ പറയുന്ന ആള്‍ക്ക് ഈ ബോധം നഷ്ടപ്പെടുകയും താന്‍ പറയുന്നതെന്തും കേള്‍ക്കുന്നവന്‍ വെള്ളം തൊടാതെ വിഴുങ്ങിക്കൊള്ളുമെന്ന് ചിന്തിക്കുകയും ചെയ്താല്‍? ഇതിനു മറുപടി ‘മോസ് ആന്‍റ്‌ ക്യാറ്റ്’ എന്ന ചിത്രം ഓടുന്ന തിയേറ്ററിന് മുന്നില്‍ ചെന്നാല്‍ കിട്ടുന്നതാണ്.

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കയ്യെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത് തുടങ്ങി പ്രേക്ഷകന്‍റെ ക്ഷമയെ പരീക്ഷിക്കുന്ന സിനിമകളാണ് കഴിഞ്ഞ കുറേക്കാലമായി ഫാസില്‍ എന്ന സംവിധായകനില്‍ നിന്ന് ലഭിക്കുന്നത്. ഓരോ സിനിമ തകരുമ്പോഴും പരാജയത്തിന്‍റെ കാരണം ഫാസില്‍ കണ്ടെത്താറുണ്ട്. ‘ഡ്രാമ കുറഞ്ഞു പോയി’, ‘ശക്തനായ വില്ലന്‍ ഇല്ലാതെ പോയി’ ഇങ്ങനെയൊക്കെയാവും അദ്ദേഹം കണ്ടെത്തുന്ന പതിവു കാരണങ്ങള്‍. ഈ കുഴപ്പങ്ങളൊക്കെ അടുത്ത ചിത്രത്തില്‍ പരിഹരിക്കുമെന്ന് പാവം പ്രേക്ഷകന്‍ കരുതും. ഫാസിലിന്‍റെ സിനിമ റിലീസാകുമ്പോള്‍ ജനങ്ങള്‍ വീണ്ടും ഇരച്ചെത്തും. ഇളിഭ്യരായി മടങ്ങും. മോസ് ആന്‍റ്‌ ക്യാറ്റും പ്രേക്ഷകരെ വിഡ്ഢികളാക്കിയിരിക്കുന്നു.

കഥയ്ക്കുള്ളിലെ കഥയും അതിനുള്ളിലെ കഥയുമൊക്കെയായി അടുക്കും ചിട്ടയുമില്ലാത്ത സിനിമയാണ് മോസ് ആന്‍റ് ക്യാറ്റ്. കാഴ്ചക്കാരനെ കണ്‍‌ഫ്യൂഷനിലാക്കുന്ന വളവുകളും തിരിവുകളും കൊണ്ട് അലങ്കോലമാക്കിയ സിനിമ. ആദ്യ പകുതി വലിയ കുഴപ്പമില്ലാതെ പോയെങ്കില്‍ രണ്ടാം പകുതി അസഹനീയമാണ്. പ്രേക്ഷകനെ രസിപ്പിക്കുക എന്നതാണ് സംവിധായകന്‍ ഈ ചിത്രം കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ അതിന് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ക്ലൈമാക്സ് അടുക്കുന്നതോടെ ഒരു നല്ല സംവിധായകന്‍റെ നിലവാരത്തകര്‍ച്ച കണ്ട് പ്രേക്ഷകര്‍ സങ്കടപ്പെടുകയും ചെയ്യുന്നു.

മോസ് ഡി സാമുവല്‍(ദിലീപ്) എന്ന യുവാവ് ഒരു തട്ടിപ്പുകാരനാ‍ണ്. തട്ടിപ്പുകാരനാ‍ണെങ്കിലും അയാള്‍ വിശാലഹൃദയമുള്ളവനാണ്. അതുകൊണ്ടാണല്ലോ ഒരു കുട്ടിത്തട്ടിപ്പുകാരിയായ ടെസ(ക്യാറ്റ് - ബേബി നിവേദിത)യെ എടുത്തുവളര്‍ത്തുന്നത്. ഇവരുടെ തട്ടിപ്പിന് ഒരു പെണ്‍കുട്ടി ഇരയാകുന്നു. നന്ദന(അശ്വതി) എന്ന ഈ പെണ്‍കുട്ടി പക്ഷേ കുറച്ചു ദുരൂഹതയൊക്കെ ഉള്ളയാളാണ്(പതിവുപോലെ). നന്ദനയുടെ സഹോദരന്‍ സുമേഷ്(റഹ്‌മാന്‍) മയക്കുമരുന്നിനടിമയാണ്. അവള്‍ക്ക് അയാളെ ലഹരിയുടെ ലോകത്തു നിന്ന് തിരിച്ചു കൊണ്ടുവരണമെന്ന ലക്‍ഷ്യമുണ്ട്. മോസിനെയും ക്യാറ്റിനെയും തന്‍റെ കൂടെക്കൂട്ടി നന്ദന ചില കളികള്‍ നടത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :