തീയാട്ട് നടത്തുന്ന ഒരുപറ്റം ആളുകളുടെ ജീവിതമാണ് മികച്ച മലയാള ചലച്ചിത്രത്തിനുള്ള 2006 ലെ ദേശീയ അവാര്‍ഡ് നേടിയ ദൃഷ്ടാന്തത്തിന്റെ ഇതിവൃത്തം. മികച്ച ചിത്രമായ പുലിജന്മത്തിലെ നായകനായ മുരളിയാണ് ദൃഷ്ടാന്തത്തിലേയും നായകന്.
എം.പി.സുകുമാരന്‍ നായരാണ് ദൃഷ്ടാന്തത്തിന്റെ സംവിധായകന്. വളരെ കുറച്ച് സിനിമകളേ എടുത്തിട്ടുള്ളുവെങ്കിലും സുകുമാരന്‍ നായരുടെ സിനിമകള്‍ എന്നും ശ്രദ്ധിക്കപ്പെട്ടവ ആയിരുന്നു.
കേരളത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ ആധുനിക ജീവിത സംഘര്‍ഷവുമായി ഏറ്റുമുട്ടുന്ന സാഹചര്യമാണ് ദൃഷ്ടാന്തത്തിലേത്. തീയാട്ട് കലാകാരനായ വാസുണ്ണിയായാണ് മുരളി വേഷമിട്ടത്. അനുജനായി ഇന്ദ്രന്‍സും ഭാര്യയായി മാര്‍ഗ്ഗി സതിയും അഭിനയിച്ചു. കുറേ നാടക നടന്മാരും വിദേശികളും ദൃഷ്ടാന്തത്തിലുണ്ട്.
കെട്ടുവള്ളത്തിനു മുകളില്‍ അദ്ദേഹത്തിന് തീയാട്ട് നടത്തേണ്ടി വന്നു. ഈശ്വരസേവയായി കരുതിയിരുന്ന ഈ കലാരൂപത്തെ ഈ നിലയില്‍ അധ:പതിപ്പിക്കേണ്ടി വന്നത് വാസുണ്ണിയുടെ മനോനില തെറ്റിക്കുന്നു.
വിനോദ സഞ്ചാരത്തിന്റെ പേരില്‍ കഥകളി, മോഹിനിയാട്ടം, തീയാട്ട്, തെയ്യം, പടയണി തുടങ്ങിയ കലാരൂപങ്ങളേയും കലാകാരന്മാരേയും അവഹേളിക്കുന്ന ആധുനികതയെ ചോദ്യം ചെയ്യുന്നതാണ് ദൃഷ്ടാന്തത്തിന്റെ പ്രമേയം. ഇത്തരം കലകളുടെ അപമാനകരമായ അവസ്ഥയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.
എം.പി.സുകുമാരന്‍ നായര്‍ അവതരിപ്പിക്കുന്ന ദൃഷ്ടാന്തം നല്ല സന്ദേശം നല്‍കുന്നുണ്ട്. പക്ഷെ, അവ തിയേറ്റരുകളില്‍ ഓടുന്നില്ല. ഇതിന്റെ കാരണം സംവിധായകന് തന്നെ മനസ്സിലാക്കേണ്ടതാണ്. അവാര്‍ഡ് നേടുന്നതോടൊപ്പം ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടാനും സിനിമയ്ക്കാവണം.