ഇത് ട്വന്റി 20 അല്ല. ഏകദിനമെന്നോ ടെസ്റ്റ് മാച്ചെന്നോ വേണമെങ്കില്‍ വിശേഷിപ്പിക്കാം. ജോഷി എന്ന സംവിധായകന് ‘ട്വന്റി20’ക്ക് ശേഷമെത്തുമ്പോള്‍ ഉയരുന്ന പ്രതീക്ഷകളെ അപ്പാടെ തച്ചുടച്ച് ഒരു ശരാശരിച്ചിത്രം എന്ന പേര് നേടുകയാണ് ‘റോബിന്‍ഹുഡ്’. വ്യാഴാഴ്ച 65 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ റോബിന്‍ഹുഡ്, ജോഷിച്ചിത്രങ്ങളുടെ പ്രേക്ഷകരെ നിരാശരാക്കുന്നു.
റിലീസ് ദിവസം ആദ്യ ഷോ കാണാനായി എത്തുമ്പോള്‍ തിയേറ്ററില്‍ ഉത്സവപ്പറമ്പിലേതുപോലെ വന്‍ തിരക്ക്. പൃഥ്വിരാജ് എന്ന പുതിയ സൂപ്പര്‍താരത്തിന്റെ ചിത്രം വരവേല്‍ക്കാനായി എത്തിയിരിക്കുന്ന പ്രേക്ഷകര്‍. പ്രിയപ്പെട്ട സംവിധായകന് ഒരു ഗംഭീര എന്റര്ടെയ്നര് നല്‍കുമെന്ന വിശ്വാസത്തില്‍ എത്തിയിരിക്കുന്നവര്‍. മറ്റൊരു ട്വന്റി 20 കാണാനാകുമെന്ന് ആഗ്രഹിച്ച് വന്നവര്‍. എന്നാല്‍ സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ‘തിക്കിത്തിരക്കിയത് ഇങ്ങനെയൊരു പടത്തിനാണല്ലോ’യെന്ന ഭാവത്തിലായിരുന്നു മിക്കവരും.
പൃഥ്വിരാജും നരേനും ജയസൂര്യയും ക്ലാസ്മേറ്റ്സിന് ശേഷം ഒന്നിച്ച ചിത്രമാണ് റോബിന്‍ഹുഡ്. ചോക്ലേറ്റ് എന്ന മെഗാഹിറ്റിന് ശേഷം സച്ചിയും സേതുവും തിരക്കഥയെഴുതിയ സിനിമ. എന്നാല്‍ വിശേഷണങ്ങള്‍ക്കും കൊട്ടിഘോഷിക്കലുകള്ക്കും അപ്പുറം റോബിന്‍ഹുഡ് നല്‍കുന്നത് പതിവു കെട്ടുകാഴ്ചകള്‍ തന്നെ. കൊമേഴ്സ്യല്‍ വിജയത്തിനായുള്ള ഒത്തുതീര്‍പ്പുകളുടെ ഒരു ബാക്കിപത്രം.
വെങ്കിടേഷ് അയ്യര്‍(പൃഥ്വിരാജ്) ഒരു എഞ്ചിനീയറിംഗ് കോച്ചിംഗ് സെന്ററിലെ അധ്യാപകനാണ്. എന്നാല്‍ അധ്യാപകന് എന്നുള്ളത് പുറംലോകത്തിന്റെ മാത്രം കാഴ്ച. അയാള്‍ അതിനുമപ്പുറത്ത് പലതുമാണ്. അയാള്‍ക്ക് ചില ഗൂഢ ലക്ഷ്യങ്ങളുണ്ട്. വളരെ ബുദ്ധിമാനായ ഒരു എ ടി എം കവര്‍ച്ചക്കാരനാണ് വെങ്കിടേഷ്. അങ്ങനെയൊരു മുഖം അയാള്ക്കുണ്ടെന്ന് ആരും വിശ്വസിക്കില്ല.
വെങ്കിടേഷ് എന്ന അധ്യാപകനെയാണ് അഭിരാമി(സംവൃത സുനില്‍) എന്ന വിദ്യാര്‍ത്ഥിനി പ്രണയിക്കുന്നത്. ഈ പ്രണയദൃശ്യങ്ങളൊക്കെ സിനിമയുടെ കഥാഗതിയില്‍ ഒരു ചലനവും സൃഷ്ടിക്കാത്ത കുമിളകളായി പൊട്ടിപ്പോകുന്നു. കഥ മോഷ്ടാവിന്റെയും അയാളെ പിടികൂടാന്‍ നടക്കുന്ന പൊലീസിന്റെയും എലിയും പൂച്ചയും കളിയാണല്ലോ. എ ടി എം കള്ളനെ പിടികൂടാനായി അലക്സാണ്ടര്‍ ഫെലിക്സ്(നരേന്) എന്ന ഡിറ്റക്ടീവ് രംഗപ്രവേശം ചെയ്യുന്നു.
അടുത്ത പേജില്‍ - പൃഥ്വിയെ കുടുക്കാന്‍ നരേന്റെ നീക്കങ്ങള്‍