പേരിലെ ഈ പുതുമയുടെ പൊരുള്‍ തേടിയാണ് എറണാകുളം ശ്രീധര്‍ തീയറ്ററില്‍ 'ഏയ് ഡ്യൂഡ്' ഹേയ് യാര്' എന്നൊക്കെ സ്പീച്ചുന്ന ന്യൂജനറേഷന് പിള്ളേരുടെ കൂടെ ഈ ന്യൂജനറേഷന് സിനിമ കാണാന്‍ കയറിയത്.
'എയ്ഡ്സ് എന്ന മാരകരോഗത്തിനെതിരെ മഹത്തായ ഒരു സന്ദേശം' എന്നൊക്കെയാവാം തന്റെ കന്നിച്ചിത്രത്തെപ്പറ്റി ബാലചന്ദ്രമേനോന് മോഡലില്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കി സംവിധാനം ചെയ്ത ഗിരീഷിന്റെ അവകാശവാദം. പക്ഷേ ഏറെക്കുറെ പുതുമുഖങ്ങളെ വെച്ച് അദ്ദേഹം എടുത്ത ' നീ കൊ ഞാ ചാ' എന്ന പരീക്ഷണചിത്രം സന്തോഷ് പണ്ഡിറ്റിന്റെ 'കൃഷ്ണനും രാധ'ക്കും ശേഷം യുവാക്കള്‍ക്ക് അര്മാദിക്കാനും പുലഭ്യം പറയാനും സിനിമയിലെ തന്നെ പുലഭ്യം ആസ്വദിക്കാനുമുള്ള ഒരു അവസരമായി മാറി.
മൂന്ന് സുഹൃത്തുക്കളുടെ ഗോവന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന 'സംഭവബഹുലമായ' കാര്യങ്ങളുമാണ് നി കൊ ഞാ ചാ (നിന്നെ കൊന്ന് ഞാനും ചാകും) യില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ജോ( പ്രവീണ്‍ അനിഡില് ) എന്ന ടിവി പ്രൊഡ്യൂസര്‍ അവതാരകയായ ആന്‍ (പൂജിത മേനോന്) മായുള്ള പ്രണയപരാജയത്തിന്റെ ഹാങ് ഓവര്‍ മാറാന്‍ സുഹൃത്തുക്കളായ റോഷന് ( സണ്ണി വെയ്ന്‍ ) അബു (സഞ്ചു) എന്നിവരുമായി ഗോവയ്ക്ക് പോകുന്നിടത്താണ് കഥയുടെ ട്വിസ്റ്റ്. ( ഈയടുത്ത് ഇറങ്ങിയ 'ഹസ്ബന്റ്സ് ഇന്‍ ഗോവ' എന്ന് സിനിമയിലെ പല രംഗങ്ങളും ഈ ഘട്ടത്തില്‍ ഓര്മ വരും).
പോകുന്ന വഴിയില്‍ അല്പം പിശക് ലക്ഷണമുള്ള രണ്ട് പെണ്ണുങ്ങള് കാറുമായി മുന്നില്‍ ചാടുന്നതും അവസാനം ഗോവയില്‍ വച്ച് ഇവരെ വീണ്ടും കണ്ടുമുട്ടുന്നതും അവരുമായി 'എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി' നടത്തുന്നതും എല്ലാം വളരെ 'സ്വാഭാവികമായി'ത്തന്നെ സംവിധായകന് പറഞ്ഞുവെച്ചിട്ടുണ്ട്.
'സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചതിനു' ശേഷം റോഷനും അബുവും തിരികെ നാട്ടിലേയ്ക്ക് വണ്ടിയോടിച്ച് വരുമ്പോഴാണ് ആ പെണ്‍കുട്ടികള്‍ ആലിസും (രോഹിണി മറിയം ഇടിക്കുള), സാനിയ (പാര്‍വതി നായര്‍)യും നിങ്ങളിലൊരാള്‍ക്ക് എയ്ഡ്സ് പകര്ന്നിട്ടുണ്ടെന്നുള്ള ഞെട്ടിക്കുന്ന വിവരം മൊബൈല്‍ ഫോണില്‍ വിളിച്ചറിയിക്കുന്നത്.
അടുത്ത പേജ്- എയ്ഡ്സ് റോഷനുള്ള ശിക്ഷ; ചിത്രം പ്രേക്ഷകനുള്ളതും