രാജ്ബാബു എന്ന സംവിധായകന്റെ മൂന്നാമത്തെ ചിത്രമാണ് കളേഴ്സ്. കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും(ചെസ്, കങ്കാരു) സംഭവിച്ച പാളിച്ചകള്‍ ആവര്‍ത്തിക്കുകയും ‘എന്റര്ടെയ്ന്മെന്റ്’ എന്ന വാക്കിനെ അദ്ദേഹം വല്ലാതെ തെറ്റിദ്ധരിക്കുകയും ചെയ്തതിന്റെ ഫലം വിളിച്ചോതുകയാണ് ഈ ചിത്രം. കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ ഒട്ടും ശുഭകരമല്ലാത്ത തുടക്കം ദിലീപിന് 2009ലും സംഭവിച്ചിരിക്കുന്നു.
ഒരമ്മയുടെയും രണ്ടു പെണ്മക്കളുടെയും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു ചെറുപ്പക്കാരുടെയും കഥയാണ് സംവിധായകന് പറയാന്‍ ശ്രമിച്ചത്. ആര്‍ക്കും പ്രവചിക്കാന്‍ കഴിയുന്ന ഒരു കഥ ഭാവനാശൂന്യമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിച്ച് ഒരു തട്ടിക്കൂട്ടല്‍ ക്ലൈമാക്സിലേക്കെത്തുമ്പോള്‍ കളേഴ്സിന് നിറങ്ങള്‍ നഷ്ടമാകുന്നു. വിളറിവെളുത്ത് ഒരു പാഴ്ക്കടലാസായി സിനിമ മാറുന്നത് പ്രേക്ഷകന് കണ്ടു നില്‍ക്കേണ്ടി വരുന്നു.
അര്‍ത്ഥം, ആനവാല് മോതിരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശരണ്യ മടങ്ങിയെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലഫ്റ്റനന്റ് കേണല്‍ ഡോ. രാജലക്ഷ്മി എന്ന കഥാപാത്രമായാണ് ശരണ്യ അഭിനയിക്കുന്നത്. രാജലക്ഷ്മിയുടെ മക്കളാണ് പിങ്കി(റോമ)യും പൂജ(ഭാമ)യും. പകലും രാവും പോലെയാണ് ഇരുവരുടെയും സ്വഭാവം. പൂജ അടക്കമുള്ള പ്രകൃതമെങ്കില്‍ പിങ്കി അടിച്ചുപൊളി സ്വഭാവക്കാരി. പിങ്കി ആരെയും കൂസാത്ത സ്വഭാവക്കാരിയെങ്കില് പൂജ പാവം, പഞ്ചപാവം.
ടി വി ചാനലില്‍ തരികിട പരിപാടികള്‍ അവതരിപ്പിക്കുന്നവളാണ് പിങ്കി(എല്ലാവരും ഈ കഥാപാത്രത്തെ പങ്കന് എന്നും വിളിക്കുന്നു). സഞ്ജയ് നാഥ് എന്ന കേണല്‍ എത്തുന്നതോടെ പിങ്കിയുടെ ജീവിതവും, അതോടെ സിനിമയും വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. അവരുടെ ശണ്ഠകൂടലും ഒടുവില്‍ ഇരുവര്‍ക്കും പ്രേമപ്പനി പിടിക്കലുമെല്ലാം പതിവു പോലെ. പൂജയുടെയും സഞ്ജയ്നാഥിന്റെയും വിവാഹം തീരുമാനിക്കുന്നത് മറ്റൊരു ട്വിസ്റ്റ്. മരുന്ന് കള്ളക്കടത്തും അതുമൂലമുണ്ടാകുന്ന തലവേദനകളും മറ്റു ചില ഉപകഥകളും. എല്ലാം കൂടിച്ചേര്‍ന്ന് ഒരു അവിയല്‍ രൂപമാണ് കളേഴ്സ് സമ്മാനിക്കുന്നത്.
വി സി അശോകാണ് കളേഴ്സിന്റെ തിരക്കഥ. പ്രധാന കഥാഗതിയെ ജാഗ്രതയോടെ സമീപിക്കുന്നതില്‍ തിരക്കഥാകൃത്ത് പരാജയപ്പെട്ടു. തിരക്കഥയുടെ പാളിച്ചകള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ ദൃശ്യഭംഗിക്ക് പ്രാധാന്യം നല്കുന്നതില് ശ്രദ്ധിച്ച് സംവിധായകന് സിനിമ തകര്‍ക്കുകയും ചെയ്തു.
ശരണ്യയ്ക്ക് മികച്ച കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. റോമയുടെ കഥാപാത്രം പല മുഹൂര്‍ത്തങ്ങളിലും അസഹനീയമാണ്. ദിലീപും ഭാമയും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. കയ്യടക്കമുള്ള നടനാണ് താനെന്ന് വിനു മോഹന്‍ വീണ്ടും തെളിയിച്ചു.
WEBDUNIA|
ഗിരീഷ് പുത്തഞ്ചേരിയും സുരേഷ് പീറ്റേഴ്സും ചേര്‍ന്ന് സമ്മാനിച്ച ഗാനങ്ങള്‍ ശരാശരിയിലൊതുങ്ങി. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയാണ് കളേഴ്സ് നിര്‍മ്മിച്ചത്.