ഷങ്കര്‍ പതിവ് തെറ്റിച്ചില്ല. തമിഴ് സിനിമയ്ക്ക് ഒരു അടിപൊളി സിനിമകൂടി അദ്ദേഹം സമ്മാനിച്ചിരിക്കുന്നു. ‘3 ഇഡിയറ്റ്സ്’ എന്ന ഹിന്ദി മെഗാഹിറ്റിന്റെ റീമേക്ക് ആണെങ്കില്‍ പോലും ‘നന്പന്’ ഒരു പുതിയ സിനിമ എന്ന അനുഭവം സമ്മാനിക്കുന്നു. ഷങ്കര്‍ സ്റ്റൈലിലുള്ള ബ്രഹ്മാണ്ഡ വിസ്മയങ്ങള്‍ ഈ സിനിമയിലും പ്രേക്ഷകരെ കാത്തിരിക്കുകയാണ്.
ഇളയദളപതി വിജയ് തന്റെ ഒരു പുതിയ മുഖമാണ് നന്‍പനിലൂടെ ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. വിജയ് അതിമനോഹരമായി കോമഡി കൈകാര്യം ചെയ്തിരിക്കുന്നു. ജീവയും ശ്രീകാന്തും ഒട്ടും മോശമല്ല. ആമിര്ഖാന്, സര്‍മന്‍ ജോഷി, മാധവന് ത്രയത്തിനെ കടത്തിവെട്ടാനായില്ലെങ്കിലും അതിന് ഒട്ടും പിന്നില്‍ പോകാത്ത പ്രകടനമാണ് വിജയും ടീമും നല്‍കിയിരിക്കുന്നത്. നായികയായി ഇല്യാനയും തിളങ്ങി.
3 ഇഡിയറ്റ്സും നന്‍പനും തമ്മിലുള്ള വ്യത്യാസം അതിന്റെ മേക്കിംഗിലാണ്. ഹിന്ദി ചിത്രത്തേക്കാള്‍ ദൃശ്യസമ്പന്നമാണ് നന്പന്. ഗാനരംഗങ്ങളൊക്കെ 3 ഇഡിയറ്റ്സിനെ വെല്ലുന്ന രീതിയിലാണ് ഷങ്കര്‍ ചിത്രീകരിച്ചിരിക്കുന്നത്.
പഞ്ചവന്‍ പരിവേന്ദന് എന്ന പാരി(വിജയ്), വെങ്കട്ട് രാമകൃഷ്ണന്(ശ്രീകാന്ത്), സെവല്ക്കോടി സെന്തില്‍(ജീവ) എന്നീ സുഹൃത്തുക്കളുടെ കാമ്പസ് ജീവിതവും പാരിയും കോളജ് പ്രിന്‍സിപ്പല്‍ വിരുമാണ്ടി സന്താന(സത്യരാജ്)ത്തിന്റെ മകള്‍ റിയ(ഇല്യാന)യുമായുള്ള പ്രണയവുമാണ് നന്പന്റെ പ്രമേയം. സത്യരാജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഈ സിനിമയിലുള്ളത്.
മൂന്നു മണിക്കൂര്‍ പത്തുമിനിറ്റ് നേരമാണ് നന്പന്റെ ദൈര്‍ഘ്യം. ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ പ്രേരിപ്പിക്കാത്ത രീതിയില്‍ ആകര്‍ഷകമായാണ് ഷങ്കര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
നന്പന് പ്രേക്ഷകര്‍ ഏറ്റെടുത്തു എന്ന റിപ്പോര്‍ട്ടാണ് എങ്ങുനിന്നും ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി നന്പന് മാറുമെന്നാണ് ആദ്യദിന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെന്നൈയില്‍ മാത്രം അമ്പതിലധികം സ്ക്രീനുകളിലാണ് നന്പന് പ്രദര്‍ശിപ്പിക്കുന്നത്.