നടന്‍ വിജയ് മേനോന്‍റെ മമ്മൂട്ടിച്ചിത്രം - ‘നാഗാലാന്‍ഡ്’
WEBDUNIA|
PRO
1984ല്‍ വ്യത്യസ്തമായ ഒരു സിനിമ മലയാളത്തില്‍ പുറത്തിറങ്ങി. ‘നിലാവിന്‍റെ നാട്ടില്‍’ എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. പ്രേംനസീര്‍, സീമ, ഭരത് ഗോപി, എം ജി സോമന്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍. ഒരു രാത്രിയിലെ രണ്ടു മണിക്കൂര്‍ സമയം ഒരു വലിയ വീട്ടില്‍ നടക്കുന്ന സംഭവങ്ങളായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. രണ്ടു ദിവസം മാത്രമേ ആ ചിത്രം തിയേറ്ററുകളില്‍ കളിച്ചുള്ളൂ. ഇന്ന് ആ സിനിമയുടെ വീഡിയോ പോലും ലഭ്യമല്ല.
എന്തിനാണ് ആ സിനിമയുടെ കാര്യം പറഞ്ഞുവരുന്നത് എന്നാണോ? സിനിമ - സീരിയല്‍ നടനായ വിജയ് മേനോനായിരുന്നു ആ ചിത്രത്തിന്‍റെ സംവിധായകന്‍. വിജയ് മേനോനെ അറിയില്ലേ? സ്ത്രീജന്‍മം എന്ന സീരിയലിലൂടെ കുടുംബസദസുകള്‍ക്ക് പ്രിയങ്കരനായ നടന്‍. ഭരതന്‍റെ ‘നിദ്ര’യിലെ നായകന്‍. ജോഷിയുടെ ‘പത്ര’ത്തിലെ എക്സന്‍ഡ്രിക് ഫോട്ടോഗ്രാഫര്‍. ‘ദ കിംഗ്’ എന്ന മെഗാഹിറ്റ് സിനിമയില്‍ ദാരുണമായി കൊലചെയ്യപ്പെടുന്ന ഡോക്ടര്‍ വിജയ്. ഇപ്പോള്‍ ഓര്‍മ്മ വന്നുകാണും അല്ലേ?
എന്തായാലും നിലാവിന്‍റെ നാട്ടില്‍ സംവിധാനം ചെയ്ത ശേഷം വിജയ് മേനോന്‍ പിന്നീട് സംവിധാനമേഖലയിലേക്ക് ശ്രദ്ധവച്ചില്ല. ഇപ്പോഴിതാ, അദ്ദേഹം വീണ്ടും സംവിധായകനാകുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് വിജയ് മേനോനെ വീണ്ടും സംവിധാന രംഗത്തേക്ക് നയിക്കുന്നത്. വിജയ് മേനോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന് ‘നാഗാലാന്‍ഡ്’ എന്ന് പേരിട്ടു.
നാഗാലാന്‍ഡ് ആക്ഷന് പ്രാധാന്യമുള്ള ഒരു സിനിമയാണ്. ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം എന്താണെന്നതിനെ പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് വിജയ് മേനോന്‍ ആലോചിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ സിനിമയുടെ തിരക്കഥയും വിജയ് മേനോന്‍ തന്നെ രചിക്കുമെന്നാണ് സൂചന.