കോക്‍ടെയില്‍: തീര്‍ച്ചയായും കാണേണ്ട സിനിമ

യാത്രി ജെസെന്‍

WEBDUNIA|
PRO
ബ്രിട്ടീഷ് ഫിലിം മേക്കറായ മൈക് ബാര്‍കര്‍ നല്ല ഫാമിലി ത്രില്ലറുകളുടെ സ്രഷ്ടാവ് എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്‍റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ബട്ടര്‍‌ഫ്ലൈ ഓണ്‍ എ വീല്‍’ 2007ലാണ് റിലീസായത്. ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയുമടങ്ങുന്ന കുടുംബത്തിന്‍റെ സ്വകാര്യതയിലേക്ക് ഒരു അജ്ഞാതന്‍ രംഗപ്രവേശം ചെയ്യുകയും പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ആ ചിത്രത്തിന്‍റെ കാതല്‍.

ഇതൊക്കെ പറഞ്ഞത്, വര്‍ഷങ്ങളായി പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ എഡിറ്ററായ അരുണ്‍‌കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ‘കോക്‍ടെയില്‍’ എന്ന മലയാള ചിത്രത്തെക്കുറിച്ച് പറയാനാണ്. കോക്‍ടെയിലിന്‍റെ ആശയം ഉള്‍ക്കൊണ്ടിരിക്കുന്നത് ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ എന്ന ആ സിനിമയില്‍ നിന്നാണ്. ദോഷം പറയരുതല്ലോ, കഥ ഒറിജിനലല്ലെങ്കിലും ത്രില്ലിംഗായ ഒരു കുടുംബചിത്രം നല്‍കാന്‍ അരുണ്‍കുമാറിന് കഴിഞ്ഞിരിക്കുന്നു.

രവി ഏബ്രഹാം(അനൂപ് മേനോന്‍) ഒരു ആര്‍ക്കിടെക്ടാണ്. ഭാര്യ പാര്‍വതി(സം‌വൃത സുനില്‍)ക്കും മകള്‍ അമ്മുവിനുമൊപ്പം ഒരു മെട്രോ സിറ്റിയിലാണ് രവി താമസിക്കുന്നത്. രവി ജോലി ചെയ്യുന്ന കമ്പനിയുടെ എം ഡി അറേഞ്ച് ചെയ്തിരിക്കുന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ രവിയും കുടുംബവും കാറില്‍ പോകുമ്പോള്‍ മാര്‍ഗമധ്യേ ഒരു അജ്ഞാതന്(ജയസൂര്യ) ലിഫ്റ്റ് കൊടുക്കുന്നു. കാറില്‍ കയറിയ ശേഷം അയാളുടെ ഭാവം മാറുകയാണ്. അതോടെ ആ കുടുംബത്തിന്‍റെ ജീവിതം മാറിമറിയുന്നു.

മനോഹരമായാണ് ഈ സസ്പെന്‍സ് ത്രില്ലര്‍ അരുണ്‍കുമാര്‍ ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ കുറച്ചു മിനിറ്റുകളുടെ ലാഗ് ഒഴിച്ചാല്‍ സിനിമ തീരും‌വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍‌മുനയില്‍ നിര്‍ത്തുന്ന മേക്കിംഗാണ് കോക്ടെയിലിന്‍റേത്. പാസഞ്ചര്‍ എന്ന സിനിമയ്ക്ക് ശേഷമുണ്ടായ ഒരു മികച്ച ത്രില്ലറാണ് കോക്ടെയില്‍.

അനൂപ് മേനോന്‍, ജയസൂര്യ, സം‌വൃത എന്നീ മൂന്ന് താരങ്ങള്‍ മാത്രമാണ് സിനിമയിലുടനീളം ഉള്ളത്. എന്നാല്‍ ആ പരിമിതിയെ അതിവിദഗ്ധമായി മറികടക്കുന്ന ട്രീറ്റ്മെന്‍റാണ് സംവിധായകന്‍ നല്‍കിയത്. ജയസൂര്യയും അനൂപും മികച്ച പ്രകടനമാണ് നടത്തുന്നത്. സം‌വൃതയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഈ സിനിമയിലെ പാര്‍വതി.

നഗരജീവിതത്തിന്‍റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണിത്. ഒന്നുപാളിയാല്‍ അസ്വാഭാവികതയിലേക്ക് വഴുതിവീഴാവുന്ന സബ്ജക്ടിനെ ഒരു നവാഗതന്‍റെ പതര്‍ച്ചയില്ലാതെ സ്ക്രീനിലെത്തിക്കാനായതില്‍ അരുണ്‍‌കുമാറിന് അഭിമാനിക്കാം. പ്രദീപ് നായര്‍ എന്ന ഛായാഗ്രഹകന്‍റെ മികവും സിനിമയുടെ കഥാഖ്യാനത്തിന് മിഴിവുകൂട്ടി.

അല്‍‌ഫോണ്‍സും നവാഗതനായ രതീഷ് വേഗയുമാണ് ഗാനങ്ങള്‍ ഒരുക്കിയത്. ‘നീയാം തണലിനു താഴെ...’ എന്ന ഗാനം മികച്ച മെലഡിയാണ്. ഏറെക്കാലം ഈ പാട്ട് ആസ്വാദകരെ രസിപ്പിക്കുമെന്നതില്‍ സംശയമില്ല. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതവും മികച്ചതാണ്.

ശ്യാമിന്‍റെ തിരക്കഥയ്ക്ക് അനൂപ് മേനോനാണ് സംഭാഷണമെഴുതിയത്. സ്വാഭാവികമായ സംഭാഷണങ്ങള്‍ സിനിമയുടെ കരുത്തു വര്‍ദ്ധിപ്പിച്ചു. എഴുത്തുകാരന്‍ എന്ന നിലയില്‍ അനൂപ് ഏറെ മുന്നോട്ടുപോയിരിക്കുന്നു ഈ സിനിമയില്‍.

എന്തായാലും, പാസഞ്ചര്‍ പോലെ നിശബ്ദമായി കോക്ടെയിലും ഹിറ്റായി മാറുമെന്നു തന്നെയാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്നാണ് ചിത്രത്തെക്കുറിച്ച് അന്തിമമായി പറയാനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :