ദുബായ് നഗരത്തില്‍ അയാള്‍ വന്നിറങ്ങുമ്പോള്‍ കാമുകന്മാരും ഭര്ത്താക്കന്മാരും തങ്ങളുടെ ഇണകളെയും മാതാപിതാക്കള്‍ തങ്ങളുടെ പെണ്മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിടേണ്ട അവസ്ഥ. അങ്ങനെ ചെയ്തില്ലെങ്കില്‍ പെണ്ണുങ്ങളായ പെണ്ണുങ്ങളെല്ലാം അയാളുടെ വലയില്‍ ചെന്നുവീഴുമത്രെ. അയാള്‍ കാസനോവ! സ്വന്തം പേരല്ല, വീണ പേരാണ്. അതായത് നാട്ടുകാര്‍ ആരാധനാപൂര്‍വം ചാര്‍ത്തിക്കൊടുത്ത പേര്!
കാസനോവ കാണാന്‍ ആദ്യ ദിനം പോകാന്‍ തയ്യാറായിരുന്നതാണ്. ഇറങ്ങാനൊരുങ്ങവെ ജോസഫ് ജെസന്റെ കോള്‍. ഈ സിനിമ ഒരുമിച്ചുകാണാമെന്ന്. അതും ‘നിനക്ക് തിയേറ്ററുകാര്‍ നല്കുന്ന സൌജന്യ ടിക്കറ്റിലല്ല. ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ട് നാളേക്ക്’ എന്നൊരു ഡയലോഗും വന്നു. വിവാഹത്തില്‍ നിന്ന് മോചനം നേടി രണ്ടും രണ്ടുവഴിക്കായിട്ടും തീരുന്നില്ല ഈഗോയുടെ ഈറകുത്തല്. അനുസരിച്ചു. രാവിലെതന്നെ കാറില്‍ ജോസഫ് വന്നു.
“ഡൈവോഴ്സ് നേടി മൂന്നുമാസം തികയും മുമ്പ് കാണാന്‍ പറ്റിയ പടം” - ഞാന്‍ പറഞ്ഞു. എന്തോ... ജോസഫ് ഒന്നും മിണ്ടിയില്ല. തിയേറ്ററില്‍ വലിയ തിരക്കായിരുന്നു. സിനിമ തുടങ്ങി. ഫാന്‍സിന്റെ ആവേശക്കൂവലുകള്. നിര്‍മ്മാതാവിന്റെ ചിത്രം ഇടയ്ക്ക് ഒന്നുപാളിമറഞ്ഞപ്പോള് ആക്കം കൂട്ടിയുള്ള കൂവല്‍.