ഈ ഭര്‍ത്താക്കന്‍‌മാര്‍ നമ്മെ ചിരിപ്പിക്കും!

ഉല്ലാസ് കളരിക്കല്‍

Happy Husbands
WEBDUNIA|
PRO
PRO
‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ആരും മോഹിക്കുന്ന ടൈറ്റില്‍ കണ്ടാണ് ഞാന്‍ സജി സുരേന്ദ്രന്‍റെ ആദ്യ ചിത്രം കാണാന്‍ തിയറ്ററില്‍ കയറിയത്. എന്നാല്‍ പടം കണ്ട് കഴിഞ്ഞപ്പോള്‍ സംഗതി കൊള്ളാമല്ലോയെന്ന് പ്രേക്ഷകര്‍‌ക്കൊപ്പം എനിക്കും തോന്നി. അതുകൊണ്ട് സജിയുടെ അടുത്ത ചിത്രം തിയറ്ററിലെത്തുന്നത് കാണാന്‍ കാത്തിരുന്ന പ്രേക്ഷകരുടെ കൂട്ടത്തില്‍ ഞാനും കൂടിയത്.

പുതുവര്‍ഷം തിയേറ്ററിലെത്തിയ ആദ്യ സൂപ്പര്‍താര ചിത്രം എന്ന പ്രത്യേകത ഹാപ്പി ഹസ്ബന്‍‌ഡ്സി’നുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യദിവസത്തെ ആദ്യഷോ തന്നെ കാണാന്‍ തീരുമാനിച്ചിറങ്ങിയത്. സജി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ചിരിയുടെ മാലപ്പടക്കം തലങ്ങും വിലങ്ങും വിതറിക്കൊണ്ട് പ്രേക്ഷകരെ ചിരിലഹരിയില്‍ ആറാടിക്കുകയാണ് സജിയും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയും.

മൂന്നും നാലും നായകന്‍‌മാരുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ മലയാളത്തിന് പുതുമയൊന്നുമല്ല. എന്നാല്‍ കയ്യടക്കമില്ലാത്ത സംവിധായകരുടെ കയ്യില്‍ അത്തരം സിനിമകള്‍ കെട്ടുകാഴ്ചകള്‍ മാത്രമാവുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നീ നടന്മാരെ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത് സജി വീണ്ടും പ്രതിഭ തെളിയിച്ചിരിക്കുന്നു.

തുടക്കത്തിലേ ടൈറ്റില്‍ കാര്‍ഡില്‍ തമിഴ് ചിത്രം ചാര്‍ളി ചാപ്ലിനില്‍ നിന്ന് കടമെടുത്തതെന്ന് എഴുതി കാണിച്ചിരുന്നു. ആ കണ്ടിട്ടില്ലാത്തതിനാല്‍ ചിത്രത്തെക്കുറിച്ച് മുന്‍ ധാരണയൊന്നുമില്ലായിരുന്നു. വ്യത്യസ്ത സ്വഭാവക്കാരായ മൂന്നു ഭര്‍ത്താക്കന്‍മാരുടെയും അവരുടെ മൂന്നു ഭാര്യമാരുടേയും കഥയാണ് നര്‍മത്തില്‍ പൊതിഞ്ഞ് സജി സുരേന്ദ്രന്‍ പറയുന്നത്.

കേരള ടുഡേയുടെ എം ഡിയാണ് മുകുന്ദന്‍ മേനോന്‍ (ജയറാം). വിശ്വസ്തനായ ഭര്‍ത്താവാണെങ്കിലും മുകുന്ദന്‍റെ ഭാര്യ കൃഷ്ണേന്ദു (ഭാവന) സംശയ രോഗിയാണ്. സ്ത്രീ ലമ്പടനാണെങ്കിലും ഭാര്യ ശ്രേയയെ (സംവൃത) മനോഹരമായി പറ്റിക്കാന്‍ അറിയുന്ന ആ‍ളാണ് രാഹുല്‍ (ഇന്ദ്രജിത്). മുകുന്ദന്‍ മേനോന്‍റെ ഭാര്യ കൃഷ്ണേന്ദുവിന് മുന്നിലും രാഹുലിന് നല്ല പ്രതിച്ഛായയാണ്. അതു കൊണ്ടു തന്നെ രാഹുലുമായി കൂട്ടുകൂടാന്‍ കൃഷ്ണേന്ദു മുകുന്ദന്‍ മേനോനെ നിര്‍ബന്ധിക്കുന്നു.

ഈ രണ്ട് കുടുംബങ്ങളെ കൂട്ടിയിണക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ കുരുക്കിലകപ്പെടുകയും ചെയ്യുന്ന കുടുംബമാണ് ജോണ്‍ മത്തായി (ജയസൂര്യ)യുടേത്. രാഹുലിന്‍റെ കൂടെ കൂടിയതോടെ മുകുന്ദന്‍ മേനോന്‍റെ പ്രശ്നങ്ങളും തുടങ്ങുകയായി. അങ്ങനെ ഭാര്യമാരെ പറ്റിച്ചും കളിപ്പിച്ചും ജീവിതം രസകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് ബാര്‍ സിംഗറായ ഡയാന ഫിലിപ്പ് (റിമ കല്ലിങ്കല്‍) എത്തുന്നത്. അതോടെ ഭര്‍ത്താക്കന്‍‌മാരുടെ കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞു തുടങ്ങുന്നു. പിന്നെ എല്ലാം കലങ്ങിതെളിയുമ്പോഴേക്കും ഭര്‍ത്താക്കന്‍‌മാര്‍ക്കൊപ്പം പ്രേക്ഷകരും ഹാപ്പി.

ഇന്ദ്രജിത്തും ജയസൂര്യയും മോശമാക്കിയില്ലെങ്കിലും ജയറാമിന്‍റെ മുകുന്ദന്‍ മേനോന്‍ തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. മുകുന്ദന്‍ മേനോനെന്ന ‘ഭര്‍ത്താവാ’യി തകര്‍ത്താടിയിരിക്കുകയാ‍ണ് ജയറാം. ജയസൂര്യയുടെ ഭാര്യ സെറീന എയ്ഞ്ചലായി പുതുമുഖം വന്ദനയുടെ പ്രകടനവും മികച്ചതാണ്. ലളിതമായ നര്‍മത്തില്‍ പൊതിഞ്ഞു കഥ പറഞ്ഞു പോകാന്‍ തിരക്കഥാകാരന്‍ കൃഷ്ണ പൂജപ്പുരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിലാണ് സജി ചിത്രമൊരുക്കിയിരിക്കുന്നത്.

അനില്‍ നായരുടെ ഛായാഗ്രഹണം കഥയോട് ചേര്‍ന്ന് പോകുമ്പോള്‍ എം ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലേതു പോലെ മനോഹരമായ ഗാനങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ പൊന്നുംകുടത്തിനും പൊട്ടാവുമായിരുന്നു. സുരാജ് വെഞ്ഞാറമ്മൂടും, സലിം കുമാറും എന്തിന് സാദിഖ് വരെ പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന തങ്ങളുടെ കടമ ഭംഗിയായി നിറവേറ്റുന്നു. എന്തായാലും 2010ലെ തുടക്കം മോശമായില്ല. നല്ലൊരു ചിത്രത്തോടെ പുതുവര്‍ഷത്തിന് തുടക്കമിടാനായതില്‍ പ്രേക്ഷകരും ഭര്‍ത്താക്കന്‍‌മാരും ഒരു പോലെ ഹാപ്പി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :