അപര്‍ണ ഷാ|
Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (11:36 IST)
Welcome Home Movie review
'Welcome Home' Movie Review: പുഷ്‌കര്‍ സുനില്‍ മഹാബാലിന്റെ 'വെല്‍ക്കം ഹോം' നമ്മളെ ഒരു മായക്കാഴ്ചയിലേക്കാണ് തള്ളി വിടുന്നത്. മായക്കാഴ്ചയെന്ന പറയുമ്പോള്‍ അതി'മനോഹര'മായ എന്ന അര്‍ത്ഥത്തിലല്ല, അതി'ഭീകര'മായ എന്ന അര്‍ത്ഥത്തിലാണെന്ന് മാത്രം. ജീവിതവും അതിജീവനവും തമ്മില്‍ എത്ര ബന്ധമുണ്ടെന്ന് കാട്ടി തരുന്ന സിനിമ. അതിജീവിക്കുക എന്നാല്‍ വിജയിക്കുക എന്നും അര്‍ത്ഥമുണ്ട്. ചിലപ്പോഴൊക്കെ അതിജീവനം അവിശ്വസനീയമായി മാറുന്നത്, വഴികള്‍ അത്രമേല്‍ ദുര്‍ഘടം പിടിക്കുമ്പോള്‍ ആണ്. അതുപോലൊരു വഴി, ഇരുണ്ടതും അതിലേറെ ക്രൂരവുമായ ജീവിത യാഥാര്‍ത്യം എന്നിവയിലേക്കാണ് സംവിധായകന്‍ തന്റെ ക്യാമറ കണ്ണുകള്‍ ചലിപ്പിക്കുന്നത്.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും എഡിറ്റ് ചെയ്തിരിക്കുന്നതും പുഷ്‌ക്കര്‍ സുനില്‍ മഹാബലാണ്. പ്രശസ്ത ഹിന്ദി താരം പരേഷ് റാവലും നിര്‍മ്മാണത്തില്‍ പങ്കാളിയായിരിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് കശ്മീര ഇറാനി, സ്വര്‍ദ തിഗാലെ, ശശി ഭൂഷണ്‍, ബോലോറാം ദാസ്, ടിനാ ഭാട്യ തുടങ്ങിയവരാണ്.
വെല്‍ക്കം ഹോം എന്ന സര്‍വൈവല്‍ ത്രില്ലര്‍ മൂവി മനുഷ്യ മനസിനെ മരവിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെ കൊടും വയലന്‍സ് അഴിച്ചുവിടുന്ന ഒരു പ്രത്യയ ശാസ്ത്രത്തെ തന്നെയാണ് ഈ സിനിമ സൂക്ഷ്മമായി പ്രതിക്കൂട്ടിലാക്കുന്നത്. സാഹചര്യം മുതലെടുക്കുന്നവരുടെ അതിഭയാനകമായ ഒരു മുഖമാണ് ആ വാതില്‍പ്പടികള്‍ക്കപ്പുറം അവരെ കാത്തിരുന്നത്.
മഹാരാഷ്ട്രയിലെ ആളൊഴിഞ്ഞ ഗ്രാമത്തിലെ ഒരേയൊരു വീട്ടിലേക്ക് സെന്‍സെസ് എടുക്കാന്‍ പോകുന്ന രണ്ട് സ്‌കൂള്‍ അധ്യാപകരില്‍ (അനുജ, നേഹ) നിന്നാണ് കഥ ആരംഭിക്കുന്നത്. വിജനമായ ഇടത്ത് ഒറ്റ കാഴ്ചയില്‍ ശ്മശാനമൂകത തോന്നിക്കുന്ന ഒരു കുടുംബത്തിന്റെ വാതില്‍പ്പടിയില്‍ അവരെത്തി നില്‍ക്കുന്നു. അത്രമേല്‍ സംശയാസ്പദമായി തീരുമാനമെടുക്കാന്‍ മടിച്ച് നിന്നപ്പോള്‍ തന്നെ തിരിച്ച് പോകാമെന്ന് കരുതേണ്ടതായിരുന്നു. എന്നാല്‍, സംശയിച്ച് നിന്ന കാലുകള്‍ മുന്നോട്ട് വെച്ച നിമിഷത്തെ അധികം വൈകാതെ തന്നെ അവര്‍ ശപിച്ചു.
ഡോര്‍ തുറക്കുന്ന ഗര്‍ഭിണിയായ പ്രേരണ എന്ന പെണ്‍കുട്ടിയും ആ വീട്ടിലെ മുതിര്‍ന്ന സ്ത്രീയും ഭോല എന്ന പാചകക്കാരനും അനുജയ്ക്കും നേഹയ്ക്കും ഒപ്പം പ്രേക്ഷകരിലും കുറേ സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആ വീട്ടില്‍ ഉള്ളവരുടെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നുന്ന അനുജയും നേഹയും പിറ്റേദിവസം വീണ്ടും ആ വീട്ടില്‍ ചെല്ലുകയും കനത്ത മഴ കാരണം അന്ന് രാത്രി അവിടെ നില്‍ക്കാന്‍ നിര്‍ബന്ധിതര്‍ ആകുകയും ചെയ്യുന്നു. ആദ്യകാഴ്ചയില്‍ വാതില്‍ തുറക്കുമ്പോള്‍, നിറവയറുമായി നില്‍ക്കുന്ന, നിര്‍വചിക്കാനാകാത്ത ഭാവവും പേറി നില്‍ക്കുന്ന പ്രേരണ എന്ന ഗര്‍ഭിണിയോട് തോന്നുന്ന അലിവ് തന്നെയാണ് അവരെ ആ വീട്ടില്‍ അന്ന് കഴിയാന്‍ ഇടയാക്കുന്നത്.
അവളെ അറിയുംതോറും അകാരണമായ ഒരു ഭീതി നമ്മെ തുളച്ചുകയറുന്നത് നാം അറിയും. ക്രൂരനായൊരു മൃഗത്തിന്റെ ആക്രമണത്തിന്, സ്ഥിരംജോലി ചെയ്യുന്ന കണക്കെ അവള്‍ നിന്ന് കൊടുക്കുന്നത് കണ്ട് ഛര്‍ദ്ദിക്കാന്‍ തോന്നുംവിധത്തില്‍ ആ കഥാസന്ദര്‍ഭങ്ങളെ സംവിധായകന്‍ വരച്ചിടുന്നു. നിര്‍വികാരമായ ശബ്ദത്തില്‍ അവള്‍ അവളുടെ കഥ പറഞ്ഞ് തുടങ്ങുമ്പോള്‍ 'ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലെന്ന്' നേഹയ്ക്കും അനുജയ്ക്കും തോന്നുന്ന ആ സമയം, ഒരുപക്ഷെ പ്രേക്ഷകനും തോന്നിയേക്കാം 'ഈ സിനിമ കാണേണ്ടിയിരുന്നില്ലെന്ന്'. അത്രമേല്‍ ക്രൂരം, ചോരക്കളി എന്നൊക്കെ പറയാം. അക്ഷരാര്‍ത്ഥത്തില്‍ ആ വീട്ടില്‍ വീണ ചോര മഴ അത്രമേയും ആസ്വാദകരുടെ നെഞ്ചില്‍ വീണ് കുതിരുകയായിരുന്നു. ഏതൊക്കയോ വീടുകളില്‍, വേറെയും പ്രേരണമാര്‍ ഇതേ മരവിച്ച ചിരിയോടെ മരിച്ചു ജീവിക്കുന്നുണ്ടാവും?!
പ്രേരണയോടും ആ അധ്യാപികമാരോടും ആ വേട്ടമൃഗം നിഷ്‌കരുണം നടത്തുന്ന ഹീനവും വിവേകശൂന്യവുമായ കുറ്റകൃത്യങ്ങള്‍ ആണ് സിനിമ പറയുന്നത്. ഭോല ഒരു ദൈവവിശ്വാസിയാണ്. വീടിനുള്ളില്‍ തന്നെ ഒരു മുറിയില്‍ എപ്പോഴും പ്രാര്‍ത്ഥനയുണ്ട്. ഒരു നിമിഷം അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഒരേ മുറിയില്‍ നമ്മുക്ക് കഴിയാന്‍ ആഗ്രഹിക്കാത്ത തരത്തില്‍ വൈകൃതമുള്ള ഒരു മനുഷ്യന്‍. കപട വിശ്വാസത്തിന്റെയും വിഷലിപ്തമായ പുരുഷത്വത്തിന്റെയും വളച്ചൊടിച്ച ലോകത്തിലേക്ക് ആ വീട് കാഴ്ചക്കാര്‍ക്ക് ഒരു ഉള്‍ക്കാഴ്ച നല്‍കുന്നു.
ഗാര്‍ഹിക പീഡനത്തിനും പെണ്‍ ശിശുഹത്യയ്ക്കും ഇരയായ നിരവധി സ്ത്രീകളെ പ്രേരണ കാഴ്ചക്കാരെ ഓര്‍മിപ്പിച്ചെക്കും. ജീവിതത്തിലും സമൂഹത്തിലും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗവാക്കാതെ അടിച്ചമര്‍ത്തലുകളില്‍ നിന്നും അതിശക്തമായി ഇയര്‍ത്തെഴുന്നേല്‍ക്കുന്നവരുടെ കൂട്ടത്തിലാണ് അനുജയും നേഹയും. ആ നരക ഭവനത്തിലും അവര്‍ തങ്ങളുടെ 'ജീവിതം' അതിജീവനത്തിന്റെ പാതയിലേക്ക് അതിസാഹസികമായി ചോരക്കളിയിലൂടെ കൊണ്ടുപോകുന്നത് അങ്ങേയറ്റം നെഞ്ചിടിപ്പോടെയല്ലാതെ കണ്ട് തീര്‍ക്കാനാകില്ല.
'വെല്‍കം ഹോം' നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ കയ്‌പേറിയ പ്രതിഫലനമാണെന്ന് പറയാതിരിക്കാനാകില്ല. സിനിമയുടെ അവസാനമാണ് ട്വിസ്റ്റ്. 'വെല്‍ക്കം ഹോം' ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന തിരിച്ചറിവ് ഒരു ആഘാതമായി കാഴ്ചക്കാരെ പിടിച്ചിരുത്തും. ഒരു സിനിമയ്ക്ക്, അത് ഹൊറര്‍ സിനിമ അല്ലാത്ത ഒരു ചിത്രത്തിന് നമ്മെ ഇത്രയധികം ഭയപ്പെടുത്താന്‍ കഴിയുമെങ്കില്‍, അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചപ്പോള്‍ അതിജീവിച്ചവരുടെ ദുരവസ്ഥയെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.