രേണുക വേണു|
Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (11:45 IST)
Vishudha Mejo Review: തിയറ്ററുകളില്‍ ശ്രദ്ധ നേടി കിരണ്‍ ആന്റണി സംവിധാനം ചെയ്ത വിശുദ്ധ മെജോ. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു ഫീല്‍ ഗുഡ് ഴോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മെജോ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ചെറുപ്പത്തിലേ അമ്മ മരിച്ച മെജോ വളരെ അന്തര്‍മുഖനായ ഒരു വ്യക്തിയാണ്. എല്ലാറ്റില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കുന്ന സ്വഭാവക്കാരന്‍. തന്നെക്കാള്‍ ചെറുപ്പമായ ആംബ്രോസുമായി മാത്രമാണ് മെജോയ്ക്ക് സൗഹൃദമുള്ളത്. അന്തര്‍മുഖനായതിനാല്‍ തന്നെ സമൂഹത്തില്‍ ഒറ്റപ്പെടുകയും എല്ലാവരാലും പരിഹസിക്കപ്പെടുകയും ചെയ്യുന്ന കഥാപാത്രമാണ് മെജോയുടേത്. ബാല്യകാല സുഹൃത്തായ ജീന എന്ന പെണ്‍കുട്ടിയോട് മെജോയ്ക്ക് ഇഷ്ടമുണ്ട്. ജീന ചെന്നൈയില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ മെജോയ്ക്ക് അവളോടുള്ള പ്രണയം അതിന്റെ കൊടുമുടിയിലെത്തുന്നു. ഈ പ്രണയം തുറന്നുപറയാന്‍ മെജോ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അന്തര്‍മുഖനായ മെജോയ്ക്ക് അത് സാധിക്കുന്നില്ല.
ജീന മെജോയില്‍ നിന്ന് നേര്‍ വിപരീത സ്വഭാവമുള്ള പെണ്‍കുട്ടിയാണ്. തുള്ളിച്ചാടി നടക്കുന്ന വളരെ എക്‌സ്‌ട്രോവെര്‍ട്ട് ആയിട്ടുള്ള വ്യക്തിത്വം. രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള മനുഷ്യര്‍ക്കിടയിലെ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്.
മെജോ ആയി ഡിനോയ് പൗലോസാണ് വേഷമിട്ടിരിക്കുന്നത്. അന്തര്‍മുഖനായ ഒരു വ്യക്തിയുടെ ദുര്‍ബലതയും നിസ്സഹായതയും വളരെ മികച്ച രീതിയില്‍ ഡിനോയ് അവതരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ഡിനോയിയുടെ കഥാപാത്രത്തോട് പ്രേക്ഷകന് വല്ലാത്ത അനുകമ്പ തോന്നുന്നത് ആ കഥാപാത്രത്തെ ഡിനോയ് കയ്യടക്കത്തോടെ ചെയ്തതുകൊണ്ടാണ്. ജീനയായി ലിജോമോളും ആംബ്രോസ് ആയി മാത്യു തോമസും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ഡിനോയ്-മാത്യു തോമസ് കോംബിനേഷന്‍ സീനുകള്‍ തിയറ്ററില്‍ പ്രേക്ഷകരെ നന്നായി ചിരിപ്പിക്കുന്നു.
വളരെ രസകരമായ പ്ലോട്ടില്‍ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് സിനിമയാണ് വിശുദ്ധ മെജോ. താരങ്ങളുടെ പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടത്. വിനോദ് ഷൊര്‍ണ്ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി.ജോണ്‍ തന്നെയാണ്. ഡിനോയ് പൗലോസിന്റേതാണ് തിരക്കഥ. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.