രേണുക വേണു|
Last Modified ശനി, 25 മെയ് 2024 (11:31 IST)
Thalavan Movie Review: മലയാളത്തിലെ മികച്ച ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ കൂട്ടത്തിലേക്ക് എന്‍ട്രി നടത്തിയിരിക്കുകയാണ് ജിസ് ജോയ് സംവിധാനം ചെയ്ത 'തലവന്‍'. മേയ് 24 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും മികച്ച സിനിമാറ്റിക് എക്സ്പീരിയന്‍സ് നല്‍കുകയും ചെയ്യുന്നു. ജയശങ്കര്‍, കാര്‍ത്തിക് വാസുദേവന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ചിത്രത്തിലേത്.
ജയശങ്കറായി ബിജു മേനോനും കാര്‍ത്തിക് ആയി ആസിഫ് അലിയും അഭിനയിച്ചിരിക്കുന്നു. ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ഇവര്‍. പൊതുവെ ചൂടന്‍ സ്വഭാവവും എന്തും വെട്ടിത്തുറന്ന് പറയുന്ന രീതിയുമാണ് ഇരുവര്‍ക്കും ഉള്ളത്. ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന ഈഗോ ക്ലാഷില്‍ നിന്ന് തുടങ്ങി ഉദ്വേഗം ജനിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലേക്ക് മാറുന്നതാണ് ചിത്രം.
തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിനു ആവശ്യമായ ചടുലതയും ഗ്രിപ്പിങ്ങും ചിത്രത്തിനുണ്ട്. അടുത്ത സീനില്‍ എന്ത് സംഭവിക്കും? ആരാണ് കൊലപാതകി? എന്നീ ചോദ്യങ്ങള്‍ ഇടയ്ക്കിടെ പ്രേക്ഷകരുടെ ഉള്ളില്‍ നിന്ന് ഉയര്‍ത്താന്‍ സംവിധായകന് ജിസ് ജോയിക്ക് സാധിച്ചിട്ടുണ്ട്. അമിതമായ ഒച്ചപ്പാടും ബഹളവുമില്ലാതെ വളരെ ഒതുക്കത്തില്‍ കഥ പറയുന്ന ചിത്രമാണ് തലവന്‍. അതിനൊപ്പം തന്നെ ഒരു ത്രില്ലര്‍ സ്വഭാവം എല്ലാ സീനിലും നിലനിര്‍ത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. ആനന്ദ് തേവര്‍ക്കാട്ട്, ശരത്ത് പെരുമ്പാവൂര്‍ എന്നിവരുടെ തിരക്കഥ മികച്ചതായിരുന്നു.
ബിജു മേനോനും ആസിഫ് അലിയും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. സമീപകാലത്തെ ആസിഫിന്റെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് തലവനിലേത്. മിയ ജോര്‍ജ്, അനുശ്രീ, ദിലീഷ് പോത്തന്, ശങ്കര്‍ രാമകൃഷ്ണന്, രഞ്ജിത്ത്, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അരുണ്‍ നാരായണന്, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്, സംഗീതം ദീപക് ദേവ്.