Nelvin Gok|
Last Updated:
തിങ്കള്‍, 23 ഡിസംബര്‍ 2024 (11:38 IST)
Rifle Club Movie: കേവലം മേക്കിങ് മികവുകൊണ്ട് മാത്രം വാഴ്ത്തപ്പെടേണ്ട സിനിമയല്ല ആഷിഖ് അബു സംവിധാനം ചെയ്ത 'റൈഫിള്‍ ക്ലബ്'. മലയോര മേഖലകളില്‍ കുടിയേറി പാര്‍ത്തവര്‍ ഒരേസമയം കാടിനോടും നാടിനോടും പോരടിക്കുന്ന മനുഷ്യ രാഷ്ട്രീയത്തെ കുറിച്ച് ശക്തമായി സംസാരിക്കുന്നുണ്ട് ഈ ചിത്രം. മനുഷ്യന്റെ നിലനില്‍പ്പാണ് സിനിമയുടെ പ്രമേയം. അതിനായി മനുഷ്യന് നടത്തുന്ന പോരാട്ടങ്ങള്‍, അത് വയലന്‍സ് ആണെങ്കില്‍ പോലും സിനിമയില്‍ ന്യായീകരിക്കപ്പെടുന്നുണ്ട്. കേവലം വയലന്‍സിനപ്പുറം അത് മനുഷ്യന്റെ ചെറുത്തുനില്‍പ്പാണെന്ന് അടിവരയിടുകയാണ് 'റൈഫിള്‍ ക്ലബ്'.
കുടിയേറ്റ ജനതയെ പ്രകൃതി ചൂഷകരായും കയ്യേറ്റക്കാരായും ചിത്രീകരിക്കുന്ന സമൂഹത്തിലെ വലിയൊരു വിഭാഗം 'എലൈറ്റ്' ക്ലാസുകള്‍ക്ക് മുഖമടച്ചൊരു അടി കൊടുക്കുകയാണ് റൈഫിള്‍ ക്ലബ്. 1991 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലുള്ള റൈഫിള്‍ ക്ലബിനെ ചുറ്റിപ്പറ്റിയാണ് സിനിമ പൂര്‍ണമായും സംസാരിക്കുന്നത്. റൈഫിള്‍ ക്ലബ് സെക്രട്ടറിയായ അവറാനും (ദിലീഷ് പോത്തന്), റൈഫിള്‍ ക്ലബിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുന്ന ദയാനന്ദും (അനുരാഗ് കശ്യപ്) തമ്മിലുള്ള രംഗങ്ങളെ ഒരു ഹണ്ടിങ്ങിനു (നായാട്ട്) സമാന്തരമായി കൊണ്ടുപോകാനുള്ള സംവിധായകന്റെ ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.
മലയോര മേഖലകളിലെ മനുഷ്യര്‍ നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടങ്ങള്‍ എത്രത്തോളം ഭീതിതവും വീരോചിതവുമാണെന്ന് സിനിമ അടയാളപ്പെടുത്തുന്നു. കാട്ടുപന്നിയോടു മുട്ടി വീല്‍ ചെയറില്‍ ആയ കുഴിവേലി ലോനപ്പന് 'നമുക്കൊക്കെ എന്തോന്ന് വെടി' എന്ന് പുച്ഛത്തോടെ പറയുന്നതില്‍ പോലും രാഷ്ട്രീയമുണ്ട്. നമ്മുടെ നിലനില്‍പ്പ് ഇല്ലാതാക്കാന്‍ ആരെങ്കിലും തോക്ക് ചൂണ്ടിയാല്‍ അവരെ തട്ടുന്നതില്‍ യാതൊരു കുറ്റബോധത്തിന്റേയും ആവശ്യമില്ലെന്ന് ഫാദര്‍ ജോഷി (തോക്കച്ചന്‍) റൈഫിള്‍ ക്ലബിലെ അംഗങ്ങള്‍ക്കു നല്കുന്ന 'മോട്ടിവേഷന്‍' പൊളിറ്റിക്കലി തെറ്റാണെന്നു തോന്നുമ്പോഴും 'അതല്ലാതെ വേറൊരു വഴിയും ആ മനുഷ്യര്‍ക്കു മുന്പില് ഇല്ലല്ലോ' എന്ന് ഉടന്‍ മാറിചിന്തിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നിടത്താണ് ഈ സിനിമയുടെ വിജയം.
കാട്ടുപന്നിയോടും കടുവയോടും കുരങ്ങിനോടും മാത്രമല്ല റൈഫിള്‍ ക്ലബിലെ അംഗങ്ങള്‍ പോരടിക്കുന്നത്, സമാന രീതിയിലുള്ള വന്യത പേറുന്ന എല്ലാ പ്രിവില്ലേജുകളും ഉള്ള മനുഷ്യരോടു കൂടിയാണ്. അതുകൊണ്ട് തന്നെയാണ് നായാട്ടിനോടു സമാന്തരമായി നായക - പ്രതിനായക കോണ്‍ഫ്ളിക്ടും സിനിമയില്‍ ഡെവലപ് ചെയ്യുന്നത്. ചുരുക്കം ചില സീനുകളില്‍ മാത്രം കാണുന്ന കഥപാത്രങ്ങള്‍ക്കു പോലും ഈ സിനിമയില്‍ ഒരു പൂര്‍ണത അവകാശപ്പെടാനുണ്ട്. അതില്‍ തന്നെ സ്ത്രീ കഥാപാത്രങ്ങള്‍ക്കു സംവിധായകന് നല്കിയ ഐഡന്റിറ്റി ഏറെ പ്രശംസനീയമാണ്. തീര്‍ച്ചയായും തിയറ്ററില്‍ എക്സ്പീരിയന് ചെയ്യേണ്ട മികച്ച പൊളിറ്റിക്കല്‍ സിനിമ കൂടിയാണ് റൈഫിള്‍ ക്ലബ്.