രേണുക വേണു|
Last Updated:
വ്യാഴം, 7 ജൂലൈ 2022 (17:00 IST)
Prithviraj Film Kaduva Review:
ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ സൂപ്പര്‍ഹിറ്റിലേക്ക്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിനു തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുടുംബപ്രേക്ഷകര്‍ അടക്കം സിനിമയെ ഏറ്റെടുക്കുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ നിന്ന് കാണുന്നത്. അടിമുടി ഒരു പൃഥ്വിരാജ് ഷോ കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം. മലയാളത്തില്‍ ഈയടുത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്നറാകുകയാണ് കടുവ.
പൃഥ്വിരാജ് നിറഞ്ഞാടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഇങ്ങനെയൊരു കംപ്ലീറ്റ് മാസ് പടം വന്നിട്ടില്ല. ഷാജി കൈലാസ് തന്റെ പഴയ ട്രാക്കിലേക്ക് വീണ്ടുമെത്തി. കുടുംബപ്രേക്ഷകര്‍ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ ആസ്വദിച്ചു കാണാനുള്ള മാസ് ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. ശരാശരിയിലൊതുങ്ങിയ കഥയെ അവതരണ ശൈലി കൊണ്ട് വേറെ ലെവലിലേക്ക് ഉയര്‍ത്തിയെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
ഷാജി കൈലാസിന്റെ പഴയ മേക്കിങ് സ്റ്റൈല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നാണ്. മാസ് ചിത്രങ്ങളുടെ ഗോഡ്ഫാദറെന്നാണ് ഷാജി അറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് ഏറ്റവും അനുയോജ്യമായ ഴോണറില്‍ ഷാജി കൈലാസ് നിറഞ്ഞാടുകയാണ് കടുവയില്‍. കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന പാലാക്കാരന്‍ പ്ലാന്ററും നാട്ടുകാരന്‍ കൂടിയായ ഐജി ജോസഫ് ചാണ്ടിയും തമ്മിലുള്ള ചെറിയ കശപിശയില്‍ നിന്ന് തുടങ്ങി അതൊരു വലിയ യുദ്ധമായി മാറുന്നതാണ് സിനിമയുടെ പ്രമേയം. രണ്ട് പേര്‍ പരസ്പരം മല്ലടിക്കുന്നതിനിടയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ് സംവിധായകന്‍. അവിടെയാണ് സിനിമയുടെ വിജയവും.
പൃഥ്വിരാജിനൊപ്പം വിവേക് ഒബ്‌റോയിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, സംയുക്ത മേനോന്‍, ബൈജു, അലന്‍സിയര്‍, ജനാര്‍ദ്ദനന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു. രണ്ടാം ഭാഗത്തിലേക്കുള്ള സാധ്യതകള്‍ തുറന്നിട്ടാണ് സിനിമ അവസാനിക്കുന്നത്.
ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കടുവയുടെ റിലീസ്. നേരത്തെ ജൂണ്‍ 30 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം ചില നിയമപരമായ തടസ്സങ്ങളെ തുടര്‍ന്ന് ജൂലൈ ഏഴിലേക്ക് റിലീസിങ് മാറ്റുകയായിരുന്നു. ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് തിരക്കഥ. ഷാജി കൈലാസ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ.