‘ഭൂല്‍ ഭൂലായിയ’ പ്രിയന് നേട്ടം

WDIFM
എത്രയധികം റീമേക്കുകള്‍ ഉണ്ടായാലും മൂലസിനിമയുടെ കലാപരമായ മേന്‍‌മ അവയ്ക്കൊന്നും അവകാശപ്പെടാനാകില്ല. തിരക്കഥാകൃത്ത്‌ മധുമുട്ടത്തെ ഒഴികെ സിനിമയെടുക്കാനെത്തിയ എല്ലാവരേയും സമ്പന്നരാക്കിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്‌. ഇപ്പോള്‍ റീമേക്കുകളുടെ രാജാവ്‌ പ്രിയദര്‍ശനും ഭൂല്‍ ഭൂലായിയ എന്ന ബോളീവുഡ്‌ പതിപ്പിലൂടെ ശ്രദ്ധിക്കപ്പെടുന്നു. കോമഡിതട്ടകത്തില്‍ നിന്ന്‌ ചെറിയൊരു ചുവട്മാറ്റത്തിനും മണിച്ചിത്രത്താഴ്‌ പ്രിയനെ സഹായിച്ചേക്കാം.

ഒരു വിജയം അനിവാര്യമായ വേളയില്‍ സാക്ഷാല്‍ രജനിക്കും ചിത്രം ചന്ദ്രമുഖിയെന്ന പേരില്‍ ഭാഗ്യം സമ്മാനിച്ചു. കന്നഡയില്‍ ആപ്തമിത്രയിലൂടെ വിഷ്ണുവര്‍ദ്ധനനും ചിത്രം പണവും പ്രശസ്തിയും നല്‍കി. പണം ധാരാളം സമ്പാദിക്കാനായി താനും. മണിച്ചിത്രത്താഴിന്‍റെ കഥ മലയാളിയോട്‌ പറഞ്ഞു കൊടുക്കേണ്ടതില്ല. ബോളീവുഡില്‍ മണിച്ചിത്രത്താഴിനെ ഒരു രാജകഥയുടെ പശ്ചാത്തലത്തിലേക്ക്‌ പ്രിയന്‍ പറിച്ചു നട്ടിരിക്കുകാണ്‌.

മോഹന്‍ലാലാകുന്നത്‌ അക്ഷയ്കുമാര്‍. സുരേഷ്ഗോപിയാകുന്നത്‌ ഷീനേ അഹൂജ, ലാലിന്‍റെ നായിക വിനയാ പ്രസാദിന്‌ പകരം ഹിന്ദിയില്‍ അമീഷ പട്ടേല്‍ എന്നീ വേഷ പകര്‍ച്ചകളെല്ലാം സമ്മതിച്ചു കൊടുക്കാം. എന്നാല്‍ ശോഭന അനശ്വരയാക്കിയ നാഗവല്ലിയെ പുനസൃഷ്ടിക്കാന്‍ കന്നഡയില്‍ അന്തരിച്ച സൗന്ദര്യക്കോ തമിഴില്‍ ജ്യോതികക്കോ ഒടുവില്‍ ഹിന്ദിയില്‍ മലയാളിയായ വിദ്യബാലനോ കഴിഞ്ഞിട്ടില്ല.

മറ്റ്‌ നടികളെല്ലാം നാഗവല്ലിയെ ഭ്രാന്തിയാക്കിയപ്പോള്‍ ഭ്രാന്തിനും സാധാരണമനോനിലക്കും ഇടയിലുള്ള ചിത്തഭ്രമത്തിലെത്തിയ രോഗിയിലേക്ക്‌ സ്വയം പതിക്കുകയായിരുന്നു മികച്ച നര്‍ത്തകിയായ ശോഭന. ദേശീയ പുരസ്കാരം നേടിയ ശോഭനയുടെ നാഗവല്ലി പ്രകടനത്തിന്‌ തൊട്ടുപുറകിലുള്ള സ്ഥാനം വിദ്യ ബാലന്‌ നല്‍കാം.കൂട്ടത്തില്‍ ഏറ്റവും പരിതാപകരമായത്‌ ജ്യോതികയാണ്‌.

തീര്‍ത്തും വ്യത്യസ്ഥമായ പ്രേക്ഷകര്‍ക്ക്‌ വേണ്ടി ഒരുക്കുന്ന സിനിമകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും അഭിനേതാക്കളുടെ പാടവം അളക്കാനുള്ള അപൂവ്വ വേളകളാണ്‌ ഇത്തരം സിനിമകള്‍. മണിച്ചിത്രത്താഴില്‍ പ്രധാകഥാപാത്രം നാഗവല്ലിയായിരുന്നു എങ്കില്‍ ഭൂല്‍ ഭൂലായിയ മറ്റ്‌ റീമേക്കുകളേ പോലെ നായക നടന്‍‌മാരുടെ ഒറ്റയാള്‍ പോരാട്ടമാണ്‌.

മുടക്കുമുതല്‍ തിരിച്ചു കിട്ടുമെന്ന ഉറപ്പോടെ പണമിറക്കാനുള്ള (കോമഡി )നടനാണ്‌ താനെന്ന്‌ അക്ഷയ്‌ കുമാര്‍ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രാഹണവും കോറിയോഗ്രാഫിയും തീര്‍ച്ചായായും ശ്രദ്ധിക്കപ്പെടും. ക്ലൈമാക്സ്‌ രംഗത്തെ ക്ലാസിക്കല്‍ നൃത്ത രംഗത്തിലൂടെ വിദ്യ ബോളീവുഡ്‌ പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുകയാണ്‌. ആദ്യ ചിത്രമായ പരിണീതക്ക്‌ ശേഷം വിദ്യക്ക്‌ ലഭിച്ച ഏറ്റവും മികച്ച വേഷമാണ്‌ ഭൂല്‍ഭൂലായിയിലേത്‌.

WEBDUNIA|
തുടര്‍ച്ചയായ കോമഡി ചേരുവകളോടെ ബോളിവുഡിനെ ബോറടിപ്പിച്ചുകൊണ്ടിരുന്ന പ്രിയദര്‍ശനിലെ സംവിധായകന്‌ ഭൂല്‍ ഭൂലായിയ ജീവന്‍ രക്ഷാ ഔഷധമായിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :