‘24’ വരുന്നു, ത്രസിപ്പിക്കുന്ന ട്രെയിലര്‍ കാണാം; സൂര്യയുടെ അത്ഭുത പ്രകടനം!

മൂന്നുവേഷങ്ങള്‍, ഒന്ന് വില്ലന്‍ - സൂര്യ തകര്‍ക്കുന്നു!

24, Suriya, Soorya, Vikram, Samantha, Rahman, Nithya, 24, സൂര്യ, വിക്രം, സമാന്ത, റഹ്‌മാന്‍, നിത്യ
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (20:59 IST)
മനം എന്ന തെലുങ്ക് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് തമിഴ് സൂപ്പര്‍താരം സംവിധായകന്‍ വിക്രം കെ കുമാറിനെ വിളിക്കുന്നത്. എന്നാല്‍ വിക്രം പറഞ്ഞത് തന്‍റെ കൈയില്‍ ഒരു സയന്‍സ് ഫിക്ഷന്‍ കഥയുണ്ടെന്നും അത് കേട്ടുനോക്കി ഇഷ്ടമായില്ലെങ്കില്‍ മനം റീമേക്ക് ചെയ്യാമെന്നുമാണ്. സൂര്യ സമ്മതിച്ചു.

അര മണിക്കൂറാണ് കഥ പറയാനായി സൂര്യ വിക്രം കെ കുമാറിന് അനുവദിച്ചത്. എന്നാല്‍ കഥ പറഞ്ഞ് പൂര്‍ത്തിയാക്കാ‍ന്‍ വിക്രം കെ കുമാര്‍ നാലര മണിക്കൂറെടുത്തു. ഈ സമയമത്രയും കഥ കേട്ട് ത്രില്ലടിച്ച് കണ്ണിമചിമ്മാതെ, കാതുകൂര്‍പ്പിച്ച് കേട്ടിരിക്കുകയായിരുന്നു സൂര്യ!

കഥ കേട്ടുകഴിഞ്ഞയുടന്‍ സൂര്യ പറഞ്ഞു - ഇത് ചെയ്യുന്നു. ആ സിനിമയാണ് ‘24’. തമിഴകം ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍. 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.

സമാന്തയാണ് 24ലെ നായിക. നിത്യാ മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം - എ ആര്‍ റഹ്‌മാന്‍. സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2ഡിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

‘24’ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നു. അതിഗംഭീരമായ ട്രെയിലറെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം. സ്റ്റുഡിയോ ഗ്രീനും 2ഡി എന്‍റര്‍ടെയ്ന്‍‌മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മൂന്ന് കഥാപാത്രങ്ങളെയാണ് സൂര്യ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. രണ്ടുസഹോദരന്‍‌മാരെയും അതില്‍ മൂത്ത സഹോദരന്‍റെ മകനെയുമാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് വിവരം. അതില്‍ ഒന്ന് ‘ആത്രേയ’ എന്ന വില്ലന്‍ കഥാപാത്രം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്രമിനെ നായകനാക്കി വിക്രം കെ കുമാര്‍ ചിത്രീകരണം ആരംഭിച്ച തമിഴ് ചിത്രമാണ് '24'. ഇല്യാന നായികയായ ആ സിനിമ ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായിരുന്നു. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ സംവിധായകനും നായകനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് '24' ഉപേക്ഷിച്ചു. പിന്നീട് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിനെ നായകനാക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സൂര്യയ്ക്കാണ് നറുക്ക് വീണത്. സൂര്യ ആരാധകര്‍ക്കെല്ലാം വലിയ വിരുന്നായിരിക്കും ഈ സിനിമയെന്നാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

'24' ഒരു സൂപ്പര്‍ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നു. എന്ന സംഖ്യ തന്നെയാണ് ചിത്രത്തിന്‍റെ സസ്പെന്‍സ്.

'യാവരും നലം' എന്ന സൂപ്പര്‍നാച്വറല്‍ ത്രില്ലറിലൂടെയാണ് വിക്രം കെ കുമാര്‍ തെന്നിന്ത്യയില്‍ ശ്രദ്ധേയനാകുന്നത്. ഈ സിനിമ തന്നെ 13 ബി എന്ന പേരില്‍ ബോളിവുഡിലും ശ്രദ്ധേയമായി. 'മനം' എന്ന തെലുങ്ക് ഹിറ്റിലൂടെ മോസ്റ്റ് വാണ്ടഡ് ഡയറക്ടറായി വിക്രം കെ കുമാര്‍ മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :