സൂര്യയുടെ ‘മാറ്റ്‌റാന്‍’‍: നമ്മുടെ അപരനോ മയിലാട്ടമോ?

WEBDUNIA|
PRO
സൂര്യയുടെ ഏത് സിനിമയ്ക്കും പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് തെന്നിന്ത്യയിലെ പ്രേക്ഷകര്‍. കാരണം ആ സിനിമ വ്യത്യസ്തമാകുമെന്നും സൂര്യയുടെ മികച്ച പ്രകടനം അതിലുണ്ടാകുമെന്നുമുള്ള വിശ്വാസം ഏവര്‍ക്കുമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെ ആര്‍ജ്ജിച്ച വിശ്വാസമാണത്.

സൂര്യയുടെ പുതിയ സിനിമ ‘മാറ്റ്‌റാന്‍’ അണിയറയില്‍ ഒരുങ്ങുകയാണ്. അയന്‍, കോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കെ വി ആനന്ദാണ് മാറ്റ്‌റാന്‍റെ സംവിധായകന്‍. ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇതിനകം തന്നെ അന്തരീക്ഷത്തില്‍ പറന്നുകളിക്കുന്നുണ്ട്.

മലയാള സിനിമകളായ അപരന്‍, മയിലാട്ടം, രണ്ടാം ഭാവം തുടങ്ങിയ സിനിമകളുമായി ‘മാറ്റ്‌റാന്‍’ എന്ന ബിഗ്ബജറ്റ് തമിഴ് ചിത്രത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് ഒരു റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ കഥയ്ക്ക് ഈ സിനിമകളുമായി സാമ്യമുണ്ടത്രെ. കഥയിലെ നായകന് അയാളുടെ അപരന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് മാറ്റ്‌റാന്‍റെ പ്രമേയം എന്നാണ് സൂചന. അപരനും മയിലാട്ടവും രണ്ടാം ഭാവവും പറഞ്ഞതും ഇതേ കഥയായിരുന്നു.

മാറ്റ്‌റാന്‍റെ തെലുങ്ക് പതിപ്പിന് പേര് ‘ഡ്യൂപ്ലിക്കേറ്റ്’ എന്നാണ്. ‘അപരന്‍’ സിനിമയുടെ കഥയുമായി മാറ്റ്‌റാനുള്ള സാദൃശ്യം ‘ഡ്യൂപ്ലിക്കേറ്റ്’ എന്ന പേര് സാധൂകരിക്കുന്നു. ജൂണില്‍ തിയേറ്ററുകളിലെത്തുന്ന മാറ്റ്‌റാനില്‍ കാജല്‍ അഗര്‍വാളാണ് നായിക. റഷ്യ, ക്രൊയേഷ്യ, സെര്‍ബിയ, അല്‍ബാനിയ, മാസിഡോണിയ തുടങ്ങിയ ഇടങ്ങളിലാണ് മാറ്റ്‌റാന്‍ ചിത്രീകരിക്കുന്നത്.

ഹാരിസ് ജയരാജ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേകര്‍, വിവേക്, ഡാനിയല്‍ ബാലാജി, വീര, മിലിന്ദ് സോമന്‍ തുടങ്ങിയവരും വേഷമിടുന്നു. എ ജി എസ് എന്‍റര്‍ടെയ്ന്‍‌മെന്‍റ് നിര്‍മ്മിക്കുന്ന മാറ്റ്‌റാന്‍റെ ഓവര്‍സീസ് റൈറ്റ് റെക്കോര്‍ഡ് വിലയ്ക്കാണ് വിറ്റുപോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :