ഷാജി കൈലാ‍സ് - ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ പൃഥ്വിരാജ്

WEBDUNIA|
PRO
ഒരുകാലത്ത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനായിരുന്നു ഷാജി കൈലാസ്. മമ്മൂട്ടിക്ക് കിംഗും വല്യേട്ടനും സമ്മാനിച്ച സംവിധായകന്‍. മോഹന്‍ലാലിന് ആറാം തമ്പുരാനും നരസിംഹവും നല്‍കിയയാള്‍. എന്നാല്‍ ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി ഷാജി കൈലാസ് കോമഡിച്ചിത്രങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പക്ഷേ, കോമഡിയിലും ഷാജിക്ക് രക്ഷയില്ല എന്ന് ബോധ്യപ്പെടുത്തി ‘മദിരാശി’ തിയേറ്ററുകളില്‍ പരാജയമായി.

‘ഇതെന്തൊരു വീഴ്ച!!!” എന്നൊക്കെ അത്ഭുതം കൂറാവുന്ന രീതിയിലൊരു തകര്‍ച്ചയാണ് ഷാജി കൈലാസിന് സ്വന്തം കരിയറില്‍ ഉണ്ടായത്. ‘ബാബാകല്യാണി’ക്ക് ശേഷം ഷാജി ചെയ്ത സിനിമകളെല്ലാം നിലം തൊടാതെ പൊട്ടി. ടൈം, അലിഭായ്, സൌണ്ട് ഓഫ് ബൂട്ട്, റെഡ് ചില്ലീസ്, ദ്രോണ2010, ആഗസ്റ്റ് 15, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍, സിംഹാസനം, മദിരാശി എന്നീ സിനിമകളുടെ പരാജയത്തോടെ ഷാജി കൈലാസിന്‍റെ താരമൂല്യം കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ ജയറാമിനെ നായകനാക്കി ജിഞ്ചര്‍ എന്ന ലോ ബജറ്റ് ചിത്രത്തിന്‍റെ ജോലികളിലാണ് ഷാജി കൈലാസ്.

ഒരു വലിയ മടങ്ങിവരവ് ഷാജി കൈലാസിന് ആവശ്യമാണ്. ഷാജി അത് അങ്ങേയറ്റം ആഗ്രഹിക്കുന്നുണ്ട്. നല്ല തിരക്കഥയുടെ പിന്‍‌ബലത്തോടെ മാത്രമേ ഷാജിക്ക് പഴയ പ്രതാപകാലത്തേക്ക് മടങ്ങിപ്പോകാന്‍ പറ്റൂ. എന്തായാലും ഷാജിയുടെ ആഗ്രഹം ഉടന്‍ സഫലമാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ രണ്ട് തിരക്കഥകളാണ് ഷാജിക്ക് എഴുതിനല്‍കാന്‍ പോകുന്നത്. ഇതില്‍ ഒരെണ്ണത്തില്‍ നായകന്‍ പൃഥ്വിരാജാണ്. പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഇത്. ‘രഘുപതി രാഘവ രാജാറാം’ എന്ന സിനിമയുടെ നിര്‍മ്മാതാവിന് വേണ്ടി ഷാജിയും പൃഥ്വിയും ചേര്‍ന്ന് ചെയ്യുന്ന ചിത്രമാണിത്.

ഒരു റോഡ് മൂവിയും ഷാജി കൈലാസിന് വേണ്ടി ബി ഉണ്ണികൃഷ്ണന്‍ രചിക്കുന്നുണ്ട്. ആ സിനിമയില്‍ പുതുമുഖങ്ങളായിരിക്കും താരങ്ങള്‍. മോഹന്‍ലാലിനെ നായകനാക്കി മിസ്റ്റര്‍ ഫ്രോഡ് ചെയ്തതിന് ശേഷം ഉണ്ണികൃഷ്ണന്‍ ഷാജിക്കുള്ള തിരക്കഥകള്‍ രചിച്ചുതുടങ്ങും. ഷാജിക്ക് ‘ടൈഗര്‍’ എന്ന മെഗാഹിറ്റ് നല്‍കിയ രചയിതാവാണ് ബി ഉണ്ണികൃഷ്ണന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :