മോഹന്‍ലാല്‍ നാസയിലും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലും!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
പരീക്ഷണ ചിത്രങ്ങളുടെ പുതിയ പാത വെട്ടിത്തുറക്കുകയാണ് മോഹന്‍ലാല്‍. ഇനി പുതിയ പകര്‍ന്നാട്ടം. ചാരവൃത്തിയുടെ പേരില്‍ ആരോപണ വിധേയനായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായാണ് മോഹന്‍ലാല്‍ ഇനി അഭിനയിക്കുന്നത്. മറാത്തി - ഹിന്ദി ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാളി സംവിധായകന്‍ ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, ഹിന്ദി ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ‘ദി വിച്ച്‌ഹണ്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഐ എസ് ആര്‍ ഒയില്‍ സിനിമ ചിത്രീകരിക്കുന്നതിന് നിരോധനമുള്ളതിനാല്‍ വിദേശ ലൊക്കേഷനുകളിലായിരിക്കും ഷൂട്ടിംഗ് നടക്കുക. പാരിസിലെ യൂറേപ്യന്‍ സ്പേസ് ഏജന്‍സിയിലും അമേരിക്കയിലെ നാസയിലും ഈ മോഹന്‍ലാല്‍ സിനിമ ചിത്രീകരിക്കും. ട്വന്‍റീത്ത് സെഞ്ച്വറി ഫോക്സ് സിനിമയ്ക്ക് പണം മുടക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സി പി സുരേന്ദ്രനാണ് വിച്ച്‌ഹണ്ടിന്‍റെ തിരക്കഥ രചിക്കുന്നത്. നമ്പി നാരായണനെയും മറിയം റഷീദയെയും സുരേന്ദ്രന്‍ സന്ദര്‍ശിക്കുകയും അഭിമുഖം നടത്തുകയും ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്‍റെ ഡേറ്റുകള്‍ ഒ കെയായിട്ടുണ്ട്. റോക്കറ്റ് സാങ്കേതികവിദ്യയില്‍ ജീനിയസായ ഒരു ശാസ്ത്രജ്ഞനായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്‍റെ കരിയറിന്‍റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ട ചാരക്കേസില്‍ അകപ്പെടുകയാണ്. അതോടെ അദ്ദേഹത്തിന്‍റെ ജീവിതം തന്നെ മാറിപ്പോകുന്നു.

ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ സമ്മതം അറിയിക്കുകയായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. “തന്‍റെ സല്‍പ്പേര് തിരിച്ചുപിടിക്കാനുള്ള നമ്പി നാരായണന്‍റെ ദൃഢനിശ്ചയം നിറഞ്ഞ പ്രവര്‍ത്തികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവസാനം അദ്ദേഹം അത് നേടി. തന്‍റെ പ്രതിയോഗികളെ അദ്ദേഹം കീഴടക്കി. ഇത് ശരിക്കും പ്രചോദിപ്പിക്കുന്ന ഒരു കഥയാണ്. ഞാന്‍ നമ്പി നാരായണനൊപ്പം ഏറെ സമയം ചെലവഴിച്ചു” - ആനന്ദ് മഹാദേവന്‍ പറയുന്നു.

‘വളരെ ആരാധ്യനായ ഒരു ചിന്തകന്‍. സര്‍ റിച്ചാര്‍ഡ് അറ്റന്‍‌ബെറോയെ അനുസ്മരിപ്പിക്കുന്ന രൂപം” - പ്രൊഫസര്‍ നമ്പി നാരായണനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ സംവിധായകന്‍ വ്യക്തമാക്കുന്നു.

പ്രൊഫസര്‍ നമ്പി നാരായണന്‍ 1994ലാണ് ചാരക്കേസില്‍ ആരോപണവിധേയനാകുന്നത്. അതിന്‍റെ പേരില്‍ ക്രൂശിക്കപ്പെട്ട അദ്ദേഹം ഒടുവില്‍ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :