മുക്ത സുരേഷ്‌ ഗോപിയുടെ നായിക

PROPRO
അച്ഛന്‍റേയും അമ്മയുടേയും പിണക്കവും സാമ്പത്തിക പ്രശ്‌നവും ഒന്നും മുക്ത എന്ന പെണ്‍കുട്ടിയെ തളര്‍ത്തുന്നില്ല.

സ്വകാര്യ ദു:ഖങ്ങള്‍ക്ക്‌ അവധി നല്‌കി സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ ഗോപിയുടെ നായികയായി അഭിനയിക്കുന്ന തിരക്കിലാണ്‌ മുക്ത.

താഹ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ ‘ഹൈലേസ’യിലൂടെ മുക്ത മലയാളത്തില്‍ മുഴുനീള നായിക വേഷത്തില്‍ എത്തുകയാണ്‌. കുടുംബ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ കെട്ടഴിക്കേണ്ടി വന്നെങ്കിലും സിനിമയിലൂടെ മുന്നേറാന്‍ തന്നെയാണ്‌ ഈ പെണ്‍കുട്ടിയുടെ ശ്രമം.

പത്താംക്ലാസ്‌ പോലും പാസ്സാകാത്ത മകള്‍ അഭിനയം നിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ മുക്തയുടെ അച്ഛന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അച്ഛനെതിരെ മുക്തയും അമ്മയും അടുത്ത ദിവസം രംഗത്ത്‌ എത്തി.

കുടുംബത്തിലെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ്‌ താന്‍ അഭിനയക്കുന്നതെന്നും. കുട്ടിക്കാലത്തു തന്നെ തങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛന്‍ ഇപ്പോള്‍ സെറ്റുകളില്‍ എത്തി പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും മുക്ത മാധ്യമങ്ങളോട്‌ പറഞ്ഞു.

ഒരു മുതിര്‍ന്ന പെണ്‍കുട്ടിയെയാണ്‌ മുക്ത സിനിമയില്‍ അവതരിപ്പിക്കുന്നത്‌. ഈ ചെറുപ്രായത്തില്‍ തന്നെ സുരേഷ്‌ ഗോപിയുടെ നായികയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്‌ മുക്ത പറയുന്നു.

ലാല്‍ ജോസിന്‍റെ ‘അച്ഛനുറങ്ങാത്ത വീട്ടി’ലൂടെ ശ്രദ്ധിക്കപ്പെട്ട മുക്ത നായികയായ തമിഴ്‌ ചിത്രം ‘താമ്രഭരണി’ വന്‍ ഹിറ്റായിരുന്നു. തെലുങ്കില്‍ നിന്നും സുന്ദരിയെ തേടി അവസരങ്ങള്‍ എത്തുന്നുണ്ട്‌.
WEBDUNIA|
അച്ഛനെതിരെ മുക്തയുടെ പത്രസമ്മേളനം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :