മമ്മൂട്ടി വീണ്ടും അതിഥി വേഷത്തില്‍

WEBDUNIA|
PRO
സൂപ്പര്‍താരങ്ങള്‍ അതിഥിവേഷത്തിലെത്തുന്ന ചിത്രങ്ങളുടെ എണ്ണം അടുത്തിടെയായി ഏറെ വര്‍ദ്ധിച്ചിരുന്നു. മോഹന്‍ലാലും സുരേഷ്ഗോപിയുമാണ് കൂടുതല്‍ അതിഥിവേഷങ്ങളില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. സുരേഷ്ഗോപി ഇപ്പോഴും അതിഥിവേഷങ്ങള്‍ ധാരാളമായി ചെയ്യുന്നു. എന്നാല്‍, അതിഥി വേഷങ്ങളില്‍ അഭിനയിച്ച ചിത്രങ്ങള്‍ തന്‍റെ പേരില്‍ അറിയപ്പെടുകയും പരാജയപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്തം ചുമക്കേണ്ടിവരുകയും ചെയ്ത സാഹചര്യത്തില്‍ മോഹന്‍ലാല്‍ ഇനി ഗസ്റ്റാവേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്.

എന്നാല്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി ഇത്തരം ഒരു തീരുമാനം എടുത്തിട്ടില്ല. മികച്ച കഥാപാത്രമാണെങ്കില്‍ അതിഥിവേഷം കെട്ടാന്‍ ഇപ്പോഴും തയ്യാറാണ് താരം. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ബെസ്റ്റ് ഓഫ് ലക്ക്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ പുതിയ അതിഥിവേഷം. ആസിഫ് അലി, കൈലാഷ്, അര്‍ച്ചന കവി, റീമ കല്ലിങ്കല്‍ തുടങ്ങിയ യുവതാരങ്ങള്‍ മുഖ്യവേഷങ്ങളിലെത്തുന്ന ബെസ്റ്റ് ഓഫ് ലക്കില്‍ നിര്‍ണായകമായ ഒരു മുഹൂര്‍ത്തത്തിലാണ് മമ്മൂട്ടിയുടെ രംഗപ്രവേശം.

യുവാക്കളുടെ ആരാധനാപാത്രമായ ഒരു കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കഥയുടെ ഗതി മാറ്റിമറിക്കുന്ന കഥാപാത്രമാണിത്. സിനിമ വിജയിച്ചാല്‍ ക്രെഡിറ്റ് മമ്മൂട്ടിക്ക് ഇരിക്കുമെന്ന് സാരം. ഉര്‍വശി, പ്രഭു തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വണ്‍‌വേ ടിക്കറ്റ്, കഥ പറയുമ്പോള്‍ തുടങ്ങിയവയാണ് മമ്മൂട്ടി ഗസ്റ്റ് റോളില്‍ അടുത്തകാലത്ത് അഭിനയിച്ച ചിത്രങ്ങള്‍. മമ്മൂട്ടി അവതരിപ്പിച്ച ഗസ്റ്റ് റോളുകള്‍ ഇതുവരെ പേരുദോഷമുണ്ടാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്തായാലും യുവതാരങ്ങളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ ബെസ്റ്റ് ഓഫ് ലക്ക് അവരേക്കാള്‍ യുവാവായ മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :