പൃഥ്വി കത്തിക്കയറുന്നു, മമ്മൂ‍ട്ടിയും ലാലും സമ്മര്‍ദ്ദത്തില്‍

WEBDUNIA|
PRO
വരുന്നത് തന്‍റെ ഭരണകാലമാണെന്ന് പൃഥ്വിരാജ് സിനിമകളിലൂടെ പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവിലുള്ള സൂപ്പര്‍താരങ്ങള്‍ക്ക് കാലിടറിത്തുടങ്ങുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും സ്വന്തമായി വാണിജ്യവിജയമില്ലാതെ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍.

മൂന്നുപതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നിറഞ്ഞാടിയ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇത് തിരിച്ചടികളുടെ സമയമാണ്. ഒറ്റയ്ക്കൊരു മെഗാഹിറ്റ് സൃഷ്ടിക്കാന്‍ ഇരു താരങ്ങള്‍ക്കും കഴിയുന്നില്ല. മമ്മൂട്ടിയുടേയോ ലാലിന്‍റെയോ സിനിമകള്‍ക്ക് ഇനിഷ്യല്‍ കളക്ഷന്‍ പോലും പലപ്പോഴും അന്യമാകുന്നത് നിര്‍മ്മാതാക്കളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

അടുത്തകാലത്ത്, മമ്മൂട്ടിയുടെയും ലാലിന്‍റെയും കൊമേഴ്സ്യല്‍ മസാലകളായ പ്രമാണിയും അലക്സാണ്ടര്‍ ദി ഗ്രേറ്റും ബോക്സോഫീസില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രേക്ഷകരെ ആകര്‍ഷിക്കാനായി അവര്‍ക്ക് വേണ്ടതെന്ന് മുന്‍‌നിശ്ചയിച്ചിട്ടുള്ള ചേരുവകളെല്ലാം ചേര്‍ത്തു രൂപപ്പെടുത്തിയ സിനിമകളായിരുന്നു അവ. എന്നാല്‍ ആദ്യ ദിനങ്ങളില്‍ തന്നെ തിയേറ്ററുകളില്‍ ആളൊഴിഞ്ഞു.

ഇപ്പോള്‍ തിയേറ്ററുകളില്‍ മെഗാഹിറ്റായി മാറിയ പോക്കിരിരാജയുടെ ക്രെഡിറ്റ് മമ്മൂട്ടിക്ക് അവകാശപ്പെടാനാവില്ല. ആ ചിത്രത്തിന്‍റെ ആദ്യപകുതി പൂര്‍ണമായും പൃഥ്വിരാജിന്‍റെ നിയന്ത്രണത്തിലാണ്. രണ്ടാം പകുതിയില്‍ മമ്മൂട്ടിയും പൃഥ്വിയും ഒപ്പത്തിനൊപ്പവും. അടുത്തകാലത്ത് തരംഗം സൃഷ്ടിച്ച പഴശ്ശിരാജയില്‍ ശരത്കുമാറിന്‍റെ സാന്നിധ്യം മാറ്റിനിര്‍ത്താനാവില്ല.

മോഹന്‍ലാലിന് ഒരു സോളോ ഹിറ്റ് എന്നുപറയാവുന്ന ചിത്രങ്ങളൊന്നും അടുത്തകാലത്തില്ല. ‘ഇവിടം സ്വര്‍ഗമാണ്’ എന്ന ചിത്രം നേടിയ ശരാശരി വിജയം മാത്രമാണ് അദ്ദേഹത്തിന് ആശ്വസിക്കാനുള്ളത്. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്ക് മിനിമം ഗ്യാരണ്ടിയില്ലാതായത് നിര്‍മ്മാതാക്കളെയും വിതരണക്കാരെയും കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അവര്‍ പൃഥ്വിരാജ് സിനിമകള്‍ക്കായാണ് ഇപ്പോള്‍ കൂടുതലായി ശ്രമിക്കുന്നത്.

കാണ്ഡഹാര്‍, ശിക്കാര്‍, കാസനോവ തുടങ്ങി ഭാവിയില്‍ മോഹന്‍ലാലിന്‍റെ വന്‍ പ്രൊജക്ടുകളൊക്കെ വിതരണം ചെയ്യുന്നത് ലാലിന്‍റെ തന്നെ മാക്സ്‌ലാബ് എന്ന കമ്പനിയായിരിക്കും. മമ്മൂട്ടിയും ഏതാണ്ട് ഇതേ പാതയിലാണ് സഞ്ചരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘ഒരു സിനിമാക്കഥ’ എന്ന ചിത്രത്തിന്‍റെ വിതരണം മമ്മൂട്ടിയുടെ പ്ലേ ഹൌസാണ് നിര്‍വഹിക്കുന്നത്.

പൃഥ്വിയെ നായകനാക്കി ലോബജറ്റ് ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളും നിര്‍മ്മിക്കാമെന്നത് നിര്‍മ്മാതാക്കള്‍ക്ക് ധൈര്യം കൊടുത്തിട്ടുണ്ട്. മാത്രമല്ല, വലിയ സംവിധായകരെല്ലാം പൃഥ്വിക്കു വേണ്ടി പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്യുകയാണ്. ബ്ലെസി, ഷാജി കൈലാസ്, ജോഷി, ഫാസില്‍ തുടങ്ങിയവര്‍ പൃഥ്വിയെ നായകനാക്കി സിനിമയൊരുക്കാനുള്ള ആലോചനയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :