നീ ദിലീപിനെ പിടിച്ചോ?, എങ്കില്‍ ഞാന്‍ മമ്മൂട്ടിയെ പിടിക്കും!

WEBDUNIA|
PRO
റാഫി - മെക്കാര്‍ട്ടിന്‍ ടീമിലെ റാഫി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം റിംഗ് മാസ്റ്ററിന്‍റെ വിശേഷങ്ങള്‍ മലയാളം വെബ്‌ദുനിയ വായനക്കാരുമായി പങ്കുവച്ചിരുന്നു. റാഫിയും മെക്കാര്‍ട്ടിനും തമ്മില്‍ പിരിഞ്ഞ ശേഷം റാഫി സിനിമയില്‍ സജീവമായി തുടരുകയാണ്. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന മറ്റൊരു ചോദ്യമുണ്ട് - മെക്കാര്‍ട്ടിന്‍ എവിടെ?

മെക്കാര്‍ട്ടിന്‍ സിനിമാലോകം വിട്ട് എവിടെയും പോയിട്ടില്ല. ദിലീപിനെ കൂട്ടുപിടിച്ചാണ് റാഫി വരുന്നതെങ്കില്‍ മെക്കാര്‍ട്ടിന്‍ ചേരുന്നത് മമ്മൂട്ടി ക്യാം‌പിലാണ്. മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത് മെക്കാര്‍ട്ടിനാണ്. ചിത്രം ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യും. ഒരു കോമഡി ആക്ഷന്‍ ത്രില്ലറാണ് മമ്മൂട്ടിക്ക് വേണ്ടി മെക്കാര്‍ട്ടിന്‍ രചിക്കുന്നത് എന്നാണ് ആദ്യ വിവരം.

ഇതോടെ റാഫി - മെക്കാര്‍ട്ടിന്‍ സിനിമകളുടെ ആരാധകര്‍ ആവേശത്തിലാണ്. ഇരുവരും വെവ്വേറെ ഒരുക്കുന്ന സിനിമകളില്‍ ഏതാവും മികച്ചുനില്‍ക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാലോകവും.

സിദ്ദിക്ക് ലാലിന് ശേഷം മലയാളത്തിലെ ഏറ്റവും വലിയ വിജയകൂട്ടുകെട്ടായിരുന്നു റാഫി - മെക്കാര്‍ട്ടിന്‍. ‘ചൈനാ ടൌണ്‍’ എന്ന സിനിമയ്ക്ക് ശേഷം ഉണ്ടായ അഭിപ്രായ ഭിന്നതകളാണ് റാഫിയും മെക്കാര്‍ട്ടിനും പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയ വന്‍ താരനിരയുണ്ടായിരുന്നിട്ടും ചൈനാ ടൌണ്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

പുതുക്കോട്ടയിലെ പുതുമണവാളന്‍, സൂപ്പര്‍മാന്‍, പഞ്ചാബിഹൌസ്, സത്യം ശിവം സുന്ദരം, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട. ഹലോ, ലവ് ഇന്‍ സിംഗപ്പോര്‍, ചൈനാ ടൌണ്‍ എന്നിവയാണ് റാഫി - മെക്കാര്‍ട്ടിന്‍ ടീം സംവിധാനം ചെയ്ത ചിത്രങ്ങള്‍.

വലിയ ഹിറ്റുകളായ എല്ലാരും ചൊല്ലണ്, മിസ്റ്റര്‍ ആന്‍റ് മിസിസ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി, ദില്ലിവാല രാജകുമാരന്‍, ദി കാര്‍, വണ്‍‌മാന്‍ ഷോ, പുലിവാല്‍ കല്യാണം, തിളക്കം, റോമിയോ, മായാവി തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചതും റാഫി - മെക്കാര്‍ട്ടിന്‍ ടീമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :