ദീപാവലി തമിഴ് സിനിമയുടെ ചാകരക്കാലമാണ്. സൂപ്പര്‍താരങ്ങളെല്ലാം തങ്ങളുടെ ദീപാവലിച്ചിത്രങ്ങളുമായി ആരാധകരെ സന്തോഷിപ്പിക്കാനിറങ്ങുന്ന കാലം. ‘പോക്കിരി’പോലുള്ള മെഗാഹിറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രഭുദേവ ഈ ദീപാവലിക്ക് ഒരു വെടിക്കെട്ട് പടവുമായി എത്തുകയാണ്. ചിത്രത്തിന്റെ പേര് ‘വെടി’. നായകന് വിശാല്‍.
‘പ്രഭാകരന്’ എന്ന് പേരിട്ട് പുലിവാലുപിടിച്ച പ്രഭുദേവ ഒടുവില്‍ സിനിമയുടെ പേര് ‘വെടി’ എന്ന് മാറ്റുകയായിരുന്നു. ഈ സിനിമയില്‍ വിശാല്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ പേരാണ് പ്രഭാകരന്. ആ പേര് തന്നെ സിനിമയ്ക്കും നല്‍കാമെന്നാണ് ആലോചിച്ചത്. എന്നാല്‍ എല്‍ ടി ടി ഇ തലവന്‍ പ്രഭാകരന്റെ ജീവിതവുമായി ബന്ധമുള്ള സിനിമയാണോ എന്ന് സംശയിച്ച് ചില സംഘടനകള്‍ പ്രശ്നമുണ്ടാക്കാന്‍ ഒരുങ്ങിയതോടെ പ്രഭുദേവ തീരുമാനിച്ചു - ‘പ്രഭാകരന്’ വേണ്ട, ‘വെടി’ മതി!
ശൌര്യം എന്ന തെലുങ്ക് ആക്ഷന്‍ ചിത്രത്തിന്റെ തമിഴ് റീമേക്കാണ് വെടി. വിശാലിന്റെ നായികയായി സമീര റെഡ്ഡി എത്തുന്നു. സോഫി ചൌധരിയുടെ ഐറ്റം സോംഗ് ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും.
‘എങ്കേയും കാതല്‍’ എന്ന പരാജയ ചിത്രത്തിന് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടി. പോക്കിരി, വാണ്ടഡ് തുടങ്ങിയ തന്റെ വിജയചിത്രങ്ങളുടെ നിരയിലേക്ക് വെടിയും എത്തുമെന്നാണ് പ്രഭുദേവയുടെ പ്രതീക്ഷ.