Last Modified ചൊവ്വ, 13 ഒക്ടോബര്‍ 2015 (17:13 IST)
മലയാളത്തില്‍ ജീത്തു ജോസഫിന് പല പ്രൊജക്ടുകള്‍ ചര്‍ച്ചയിലാണ്. പൃഥ്വിരാജിനെ നായകനാക്കിയുള്ള ഒരു സിനിമയാണ് ഇതില്‍ ഏറ്റവും പ്രധാനം. സെന്‍ട്രല്‍ പിക്ചേഴ്സും പാലാ ജോസ് തിയേറ്ററും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ ആദ്യവാരം ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കും.
മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ ഒരു പ്രതികാര കഥയാണ് പറയുന്നത്. “മെമ്മറീസിന് മുമ്പ് ഈ സിനിമയുടെ തിരക്കഥ ഞാനും ജീത്തുവും ചര്‍ച്ച ചെയ്തിരുന്നു. മെമ്മറീസുമായോ ദൃശ്യവുമായോ യാതൊരു സാദൃശ്യവുമില്ലാത്ത സിനിമയായിരിക്കും ഞങ്ങള്‍ ഒന്നിക്കുന്ന പുതിയ ചിത്രം. എനിക്ക് ഒരു പുതിയ ലുക്ക് ആയിരിക്കും ആ സിനിമയിലേതെന്ന് മാത്രം പറയാം” - പൃഥ്വിരാജ് വ്യക്തമാക്കി.
അതേസമയം ഇതൊരു പൊലീസ് സ്റ്റോറിയാണെന്നും റിപ്പോര്‍ട്ടുണ്ട്. ശക്തിയേക്കാള്‍, ബുദ്ധി ഉപയോഗിച്ച് കുറ്റവാളിയെ കീഴടക്കുന്ന രീതിയായിരിക്കും ഈ ചിത്രത്തില്‍ ഉപയോഗിക്കുക. സിനിമ ആക്ഷന്‍ പ്രാധാന്യം നല്കുന്നതാണെങ്കിലും സ്റ്റണ്ട് സീക്വന്‍സുകളുടെ ആധിക്യമുണ്ടാകില്ല.
ഈ സിനിമയില്‍ പാട്ടുണ്ടാകില്ലെങ്കിലും കഥാഗതിയില്‍ ശക്തമായ വികാരങ്ങള്‍ അനുഭവവേദ്യമാക്കുന്ന പശ്ചാത്തല സംഗീതം ഹൈലൈറ്റായിരിക്കും. മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത രീതിയില്‍ ഒരു കഥപറച്ചിലിനാണ് ജീത്തു ശ്രമിക്കുന്നത്.
അതേസമയം, മെമ്മറീസ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെക്കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. ജീത്തു തന്നെയായിരിക്കും സംവിധായകന് എന്നാണ് സൂചന.