ജയസൂര്യച്ചിത്രം വെറും കോപ്പിയല്ല, കാര്‍ബണ്‍ കോപ്പി !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന പല ചിത്രങ്ങളും വിദേശഭാഷാ സിനിമകളുടെ കോപ്പിയാണെന്നത് പരസ്യമായ രഹസ്യമാണ്. ചില സംവിധായകര്‍ തങ്ങള്‍ ഏത് സിനിമയില്‍ നിന്നാണ് ‘പ്രചോദനം’ ഉള്‍ക്കൊണ്ടിരിക്കുന്നത് എന്ന് ടൈറ്റിലില്‍ ഉള്‍പ്പെടുത്തി മാന്യത കാണിക്കും. ചിലരാകട്ടെ, ക്രെഡിറ്റും നല്‍കില്ല, തങ്ങളുടെ ഉദാത്തമായ സൃഷ്ടിയാണിതെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്യും.

നായകനാകുന്ന പുതിയ ചിത്രം കോപ്പിയാണെന്ന് പറഞ്ഞാല്‍ അത് തെറ്റാണ്, കാര്‍ബണ്‍ കോപ്പി എന്നുതന്നെ പറയണം. ഏതുസിനിമയെക്കുറിച്ചാണെന്നോ? വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചിത്രത്തിന്‍റെ പേരാണ് ‘കാര്‍ബണ്‍ കോപ്പി’. അതുകൊള്ളാമല്ലോ, അപ്പോള്‍ ഇത് ഏതെങ്കിലും സിനിമയുടെ കോപ്പിയാണോ? അങ്ങനെ എന്നുചോദിച്ചാല്‍ ‘അതേ’ എന്നാണ് ഉത്തരം.

വി കെ പ്രകാശ് തന്നെ സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം ‘ഫ്രീക്കിചക്ര’യുടെ മലയാളം റീമേക്കാണ് കാര്‍ബണ്‍ കോപ്പി. ജയസൂര്യയെ കൂടാതെ നരേനും ഈ ചിത്രത്തില്‍ നായകതുല്യമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. “ഫ്രീക്കിചക്രയില്‍ നിന്ന് കാര്‍ബണ്‍ കോപ്പി ഏറെ വ്യത്യസ്തമായിരിക്കും. കഥയില്‍ സാദൃശ്യമുണ്ടെങ്കിലും ഇത് സ്വതന്ത്രമായ അടിത്തറയുള്ള ചിത്രമായിരിക്കും” - വി കെ പ്രകാശ് വ്യക്തമാക്കുന്നു.

വാല്‍ക്കഷണം: 2003ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദിച്ചിത്രം ‘ഫ്രീക്കിചക്ര’യില്‍ ദീപ്തി നവല്‍, സുനില്‍ റാവു, രണ്‍‌വീര്‍ ഷോരെ, സച്ചിന്‍ ഖേദേകര്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍. ചിത്രം അവാര്‍ഡുകള്‍ നേടുകയും ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :