ഗൌതം മേനോനെ കിട്ടിയില്ല, പുതുമുഖത്തെ അഭിനയിപ്പിച്ചു, നിവിന്‍ പോളിക്ക് നായികയില്ല!

Gautham Vasudev Menon, Nivin Pauly, Jacobinte Swargarajyam, Vineeth Sreenivasan, Mammootty, ഗൌതം വാസുദേവ് മേനോന്‍, നിവിന്‍ പോളി, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം, വിനീത് ശ്രീനിവാസന്‍, മമ്മൂട്ടി
Last Updated: ബുധന്‍, 17 ഫെബ്രുവരി 2016 (15:35 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തില്‍ തമിഴ് സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ അഭിനയിക്കുന്നതായി ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഗൌതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്ന് വിനീത് തന്നെ വ്യക്തമാക്കിയിരിക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ ആദ്യവാരമാണ് ദുബായില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആ സമയത്തായിരുന്നു ചെന്നൈയെ മുക്കിക്കളഞ്ഞ വെള്ളപ്പൊക്കം ഉണ്ടായത്. വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടു. അതിനാല്‍ ഗൌതം മേനോന് ദുബായിലെത്താന്‍ കഴിഞ്ഞില്ല.

പിന്നീട്, വെള്ളപ്പൊക്കം മാറിയപ്പോള്‍ ഗൌതം മേനോന്‍ തിരക്കിലാകുകയും ചെയ്തു. എന്തായാലും ഗൌതം അഭിനയിക്കാനിരുന്ന ആ സുപ്രധാന കഥാപാത്രത്തെ പിന്നീട് ഒരു പുതുമുഖ നടനാണ് അവതരിപ്പിച്ചത്.

ഗൌതം മേനോനെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഴിവുള്ള ഒരു പുതിയ നടനെ ലഭിച്ചു എന്നതില്‍ സന്തോഷമുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിരിക്കുന്നത്.

താനെഴുതിയതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള തിരക്കഥയാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യമെന്ന് വിനീത് വെളിപ്പെടുത്തുന്നു. നായികയില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

രണ്‍‌ജി പണിക്കര്‍, സായികുമാര്‍, ദിനേശ് പ്രഭാകര്‍, ലക്ഷ്മി രാമകൃഷ്ണന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :