WEBDUNIA|
Last Modified ബുധന്‍, 14 ഒക്ടോബര്‍ 2009 (14:08 IST)
PRO
താരസമ്പന്നമായ മറ്റൊരു ചിത്രത്തിന് മാസ്റ്റര്‍ സംവിധായകന് ജോഷി തുടക്കം കുറിക്കുകയാണ്. ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുമെന്നാണ് ആദ്യം സൂചനകള്‍ ലഭിച്ചതെങ്കിലും ഇപ്പോള്‍ ചിത്രം മാറുന്നു. ട്വന്റി 20യ്ക്കും കേരളാ കഫേയ്ക്കും ജനകനും ശേഷം സൂപ്പര്‍താരങ്ങളുടെ സംഗമത്തിന് വേദിയാവുകയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്.
മോഹന്‍ലാല്‍ ഈ സിനിമയുടെ നെടുംതൂണായി മാറുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ കൂടാതെ സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ അഭിനയിക്കും. ഒരു ഗുണ്ടാകുടുംബത്തിന്റെ കഥയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്. മലയാള സിനിമയിലെ രണ്ട് സീനിയര്‍ സൂപ്പര്‍ സ്റ്റാറുകളും രണ്ട് ജൂനിയര്‍ സൂപ്പര്‍സ്റ്റാറുകളും സഹോദരങ്ങളായി അഭിനയിക്കുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.
ഗുണ്ടാകുടുംബത്തെ നയിക്കുന്നത് മോഹന്‍ലാലിന്റെ കഥാപാത്രമാണ്. ഈ നാല്‍വര്‍ സംഘത്തിന്റെ പടയോട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ട്വന്റി-20ക്ക് ശേഷം സിബി-ഉദയന്മാരുടേ തിരക്കഥയില്‍ ജോഷി ഒരുക്കുന്ന ചിത്രം കൂടിയാണിത്. വര്‍ണചിത്ര സുബൈറും, മെഡിമിക്സ് അനൂപും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൃസ്ത്യന്‍ ബ്രദേഴ്സിന്റെ ചിത്രീകരണം നവംബര്‍ അഞ്ചിന് ആരംഭിക്കും. ചിത്രം അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തും.
മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സംഘം, ലേലം, നസ്രാണി തുടങ്ങിയവയാണ് ഈ ഗണത്തില്‍ പെടുത്താവുന്ന മറ്റ് ജോഷിച്ചിത്രങ്ങള്‍.