കെ ആര്‍ പിയും കോട്ടപ്പിള്ളിയും വീണ്ടും!

WEBDUNIA|
PRO
പഞ്ചവടിപ്പാലത്തിന് ശേഷം മലയാളത്തിലുണ്ടായ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സറ്റയറാണ് സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീമിന്‍റെ സന്ദേശം. ഓരോ ഡയലോഗും കേരളത്തിലെ രണ്ടു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരെയുള്ള ആക്ഷേപമായിരുന്നു ആ ചിത്രത്തില്‍. കൂടുതല്‍ പരുക്കേറ്റത് ഇടതുപക്ഷത്തിന് തന്നെയാണ്. ആ സിനിമ മനസില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത - സന്ദേശത്തിന്‍റെ രണ്ടാം ഭാഗം ഉടനുണ്ടാകും!

അതെ, തിയേറ്ററുകളില്‍ ചിരിയും ചിന്തയുമുണര്‍ത്താന്‍ കെ ആര്‍ പിയും മാല്യങ്കരയിലെ ബുദ്ധിജീവി സഖാവ് കോട്ടപ്പിള്ളിയും വീണ്ടും എത്തുകയാണ്. ജയറാമും ശ്രീനിവാസനും തന്നെ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഒടുവില്‍ ആരംഭിക്കും.

“ആറു വര്‍ഷം നീണ്ട ചര്‍ച്ചയുടെയും പ്രയത്നത്തിന്‍റെയും ഫലമായിരുന്നു സന്ദേശം. ഇനിയും അതുപോലെ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. കഴിഞ്ഞ മൂന്നു വര്‍ഷമായി അതിനുള്ള ശ്രമം നടക്കുകയാണ്.” - സത്യന്‍ അന്തിക്കാട് പറയുന്നു.
PRO


ഇപ്പോള്‍ കോഴിക്കോട്ട് തന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിരക്കുകളിലാണ് സത്യന്‍ അന്തിക്കാട്. ‘ഒരുനാള്‍ വരും’ എന്ന സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിക്കൊണ്ടിരിക്കുകയാണ് ശ്രീനിവാസന്‍. ഈ തിരക്കുകള്‍ അവസാനിക്കുമ്പോള്‍ സന്ദേശത്തിന്‍റെ രണ്ടാം ഭാഗത്തിനായി സത്യനും ശ്രീനിയും ഒത്തുചേരും.

‘മുതലാളിമാരെപ്പോലെ ഇത്രയും പാവപ്പെട്ട മനുഷ്യരെ ഞാന്‍ കണ്ടിട്ടില്ല’, ‘പോളണ്ടിനെപ്പറ്റി ഇനി ഒരക്ഷരം മിണ്ടരുത്’, ‘ചിലപ്പോള്‍ വെടിയുണ്ടകളെ നേരിടേണ്ടി വന്നേക്കാം, അപ്പോള്‍ വിരിമാറ്‌ കാട്ടിക്കൊടുക്കാന്‍ തയ്യാറാണോ?’ തുടങ്ങിയ ക്ലാസിക് ഡയലോഗുകള്‍ സൃഷ്ടിച്ച ചിരിയുടെ മുഴക്കം വീണ്ടും ഉണ്ടാകാന്‍ പോകുന്നു എന്ന ചിന്ത തന്നെ പ്രേക്ഷകരെ ആഹ്ലാദിപ്പിക്കുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :