കാഴ്ചയും ബെസ്റ്റ് ആക്ടറും കഴിഞ്ഞു, ഇനി ‘ബഡ്ഡി’ !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ ‘ഹൃദയഭേദകമായ’ ആവിഷ്കാരം എന്നൊക്കെ പരസ്യമിട്ടാണ് പല സിനിമകളും പുറത്തുവരുക. ആവര്‍ത്തനവിരസതയും അതിഭാവുകത്വവും കൊണ്ട് ഈ ഗണത്തില്‍ പെട്ട പല സിനിമകളും ഹൃദയം തകര്‍ക്കുന്നതാകുമ്പോള്‍ ആദ്യദിനം തന്നെ തിയേറ്റര്‍ വിടുന്നു. എന്നാല്‍ മനസില്‍ തട്ടുന്ന ചില ചിത്രങ്ങളും ഈ ഗണത്തില്‍ വന്നിട്ടുണ്ട് എന്ന് പറയാതെ വയ്യ. കിരീടം, കാരുണ്യം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയവ ഉദാഹരണം.

എന്തായാലും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ ഊഷ്മളത പ്രമേയമാക്കി ഒരു സിനിമ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. ‘ബഡ്ഡി’ എന്ന് പേരിട്ട സിനിമയില്‍ അനൂപ് മേനോനാണ് നായകന്‍. ടിനി ടോം ഒരു പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ രാജ് പ്രബാവ്‌തി മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

“ദൈവം എനിക്കു തന്ന ഏറ്റവും വലിയ സമ്മാനം - ഞാന്‍ അതിനെ ഡാഡ് എന്ന് വിളിക്കും. അദ്ദേഹം എന്നെ ‘ബഡ്ഡി’ എന്നും” - ചിത്രത്തിന്‍റെ പരസ്യവാചകമാണിത്. നൌഷാദ് ബിഗ് സ്ക്രീനിന്‍റെ ബാനറില്‍ നൌഷാദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാഴ്ച, തകരച്ചെണ്ട, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, സ്പാനിഷ് മസാല എന്നിവയാണ് നൌഷാദ് മുമ്പ് ചെയ്ത സിനിമകള്‍. ഇവയെല്ലാം ജനപ്രീതി നേടിയ സിനിമകളുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :