കണ്ണ് നനയിക്കാന്‍ ‘മിഴികള്‍ സാക്ഷി’

WDPRO
അന്യഭാഷാ ചിത്രങ്ങള്‍ വന്‍ വിജയം നേടുന്ന മലയാളത്തില്‍ നല്ല സിനിമകള്‍ മരിക്കുന്നു എന്നതാണ് പൊതുവേ കേള്‍ക്കുന്ന ഒരു പരാതി. എന്നാല്‍ യാഥാര്‍ത്ഥ്യ ബോധമാര്‍ന്ന കഥകള്‍ക്കും ചിത്രങ്ങള്‍ക്കും മലയാളത്തില്‍ സ്ഥലം ഉണ്ടെന്ന് ബാര്‍ബര്‍ ബാലന്‍റെ കഥ പറഞ്ഞ മോഹന്‍റെ ‘കഥ പറയുമ്പോള്‍’ എന്ന സിനിമ കാട്ടിത്തന്നു.

ഒരു സൂപ്പര്‍ താര സാന്നിദ്ധ്യം മാത്രം വച്ച് വമ്പന്‍ ഹിറ്റാക്കിയ ഈ ചിത്രത്തിനു ശേഷം അതേ പാറ്റേണില്‍ മറ്റൊരു ചിത്രം കൂടി ജനിക്കുകയാണ്. ‘മിഴികള്‍ സാക്ഷി’. ചിത്രത്തില്‍ മോഹന്‍‌ലാല്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു എന്നതാണ് പ്രത്യേകത. കഥ തന്നെ താരമെന്ന തത്വത്തില്‍ ഒരു അമ്മയും മകനും തമ്മിലുള്ള ഹൃദയസ്പൃക്കായ ബന്ധമാണ് പറയുന്നത്.

സുകുമാരി പ്രധാന കഥാപാത്രമാകുന്ന ചിത്രം കാണിയമ്മയുടെ ഹൃദയ വികാരങ്ങളിലൂടെ ലോകത്തെ കാട്ടിത്തരുന്നു. വൃദ്ധയായ കാണിയമ്മയുടെ ഏകമകന്‍ വാദ്ധ്യാരായിരുന്നു. വിപ്ലവകാരിയായിരുന്ന ഇയാളെ തൂക്കാന്‍ വിധിച്ചു എന്ന വാര്‍ത്ത കാണിയമ്മയുടെ സമനില തെറ്റിച്ചു കളഞ്ഞു. മാനസിക നില തെറ്റിയ കാണിയമ്മ മകനെ തപ്പി ഇറങ്ങുകയാണ്.

പുത്രന്‍ ഭൂമിയിലില്ല എന്ന സത്യം ഏറ്റെടുക്കാന്‍ കാണിയമ്മയുടെ മനോനില സമ്മതിക്കുന്നില്ല. കാണിയമ്മയുടെ ഈ തേടല്‍ ലോകത്തിലെ സത്യങ്ങളെ വെളിയില്‍ കൊണ്ടു വരികയാണ്. സുകുമാരി കാണിയമ്മയെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, കൃഷ്ണപ്രസാദ്, വിനീത്, കൊച്ചുപ്രേമന്‍, മാളാ അരവിന്ദന്‍, തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

WEBDUNIA|
വളരെ ശക്തവും വ്യത്യസ്തമാര്‍ന്നതുമായ പ്രമേയം സംവിധാനം ചെയ്യുന്നത് സഫലം, ഡിസംബര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അശോക് ആര്‍ നാഥാണ്. ഒട്ടേറെ പ്രമുഖരെ അണി നിരത്തുന്ന ചിത്രത്തില്‍ ഒ എന്‍ വി കുറുപ്പ്, വി ദക്ഷിണാമൂര്‍ത്തി, യേശുദാസ് തുടങ്ങിയ പ്രമുഖരും പിന്നില്‍ നില്‍ക്കുന്നു. തിരുവനന്തപുരത്തും കൊല്ലത്തുമായി പൂര്‍ത്തിയായ ചിത്രം റിലീസിംഗിനു തയ്യാറെടുക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :