ഒരു പത്രവാര്‍ത്ത, ക്യാമറാമാന്‍ സംവിധായകനായി!

Last Modified ബുധന്‍, 14 മെയ് 2014 (15:41 IST)
ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍ അപ്രതീക്ഷിതമായാണ് ഒരു പത്രവാര്‍ത്ത ശ്രദ്ധിച്ചത്. ഏറെ സമ്പന്നനും ജീവിതയാഥാര്‍ത്ഥ്യങ്ങളെപ്പറ്റി വലിയ ബോധമൊന്നുമില്ലാത്തവനുമായ ഒരു യുവാവ് വളരെ നിര്‍ണായകമായ ഒരു പ്രതിസന്ധിയില്‍ അകപ്പെട്ടതിനെക്കുറിച്ചായിരുന്നു വാര്‍ത്ത. ഇതില്‍ ഒരു സിനിമയുണ്ടെന്ന് രവി കെ ചന്ദ്രന് തോന്നി. സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദാണ് ഈ കഥ രവി സ്വന്തമായി സംവിധാനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

ജീവയും തുളസിയും ജോഡിയായ ‘യാന്‍’ എന്ന സിനിമയുടെ തുടക്കം ഇങ്ങനെയായിരുന്നു. ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ഹാരിസ് ജയരാജ് ആണ് സംഗീത സംവിധാനം.

മൊറോക്കോയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ണമായും നടന്നത്. “ചിത്രത്തിന്‍റെ തുടക്കത്തില്‍ മൊറോക്കോയിലെ ഷൂട്ടിംഗ് എനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നു. എന്‍റെ ക്യാമറാമാന്‍ ഗോപിക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു. പിന്നീട് ഞാന്‍ ഛായാഗ്രഹണം ഏറ്റെടുത്തു. ക്യാമറാമാന് സംവിധായകനാകുക എളുപ്പമാണ്” - രവി കെ ചന്ദ്രന്‍ പറയുന്നു. ഓഗസ്റ്റിലാണ് യാന്‍ പ്രദര്‍ശനത്തിനെത്തുക.

കിലുക്കാം‌പെട്ടി, തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, ദി കിംഗ്, മാഫിയ തുടങ്ങിയ ഷാജി കൈലാസ് ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് രവി കെ ചന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. വിരാസത്ത്, മിന്‍‌സാരക്കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ദില്‍ ചാഹ്‌താ ഹൈ, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്സ്, ആയുധ എഴുത്ത്, യുവ, പഹേലി, ബ്ലാക്ക്, ഫനാ, സാവരിയ തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരുടെ പട്ടികയില്‍ രവി കെ ചന്ദ്രന്‍ ഇടം പിടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :