BIJU|
Last Modified തിങ്കള്‍, 15 മെയ് 2017 (14:03 IST)
മലയാളികള്‍, അവരില്‍ ആരെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ പോലും, ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് സ്ഫടികം. എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന സിനിമ. ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്.
സ്ഫടികം ഒരുക്കിയ സംവിധായകന് ഭദ്രന് നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിവരികയാണ്. മോഹന്‍ലാലിനോട് ഭദ്രന് കഥ പറഞ്ഞുകഴിഞ്ഞു. ഭദ്രന് പറഞ്ഞ കഥയില്‍ ആവേശഭരിതനായ മോഹന്‍ലാല്‍ എത്രയും വേഗം തിരക്കഥ പൂര്‍ത്തിയാക്കി പ്രൊജക്ട് ആരംഭിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.
നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലമുള്ള ഒരു ആക്ഷന്‍ ഡ്രാമയാണ് ഭദ്രന് മോഹന്‍ലാലിനോട് പറഞ്ഞത് എന്നാണ് അറിയുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്ര സൃഷ്ടിയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിരക്കഥ പൂര്‍ത്തിയായാലുടന്‍ മറ്റ് പ്രൊജക്ടുകളൊക്കെ നീട്ടിവച്ച് ഭദ്രന് ചിത്രം ചെയ്യാനാണ് മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു.
2005ല്‍ പുറത്തിറങ്ങിയ ഉടയോന് ആണ് ഭദ്രന് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ആ സിനിമയുടെ തകര്‍ച്ചയാണ് 12 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയെടുക്കാന്‍ ഭദ്രനെ പ്രേരിപ്പിച്ചത്. ഇത്രയും കാലത്തെ ഹോംവര്‍ക്കിലൂടെ മോഹന്‍ലാലിന് ഉജ്ജ്വലമായ ഒരു സിനിമ നല്കി മടങ്ങിവരവിനൊരുങ്ങുകയാണ് ഭദ്രന്.
ചങ്ങാത്തം, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അങ്കിള്‍ ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയും മോഹന്‍ലാല്‍ അഭിനയിച്ച ഭദ്രന് ചിത്രങ്ങളാണ്.