Last Modified വ്യാഴം, 8 ഡിസംബര്‍ 2016 (12:25 IST)
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു.
ഉദയ്കൃഷ്ണ തന്നെ ചിത്രത്തിന് തിരക്കഥയെഴുതും.
ഇഫാര്‍ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ റാഫി മതിര നിര്‍മ്മിക്കുന്ന സിനിമ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. ഉദയ്കൃഷ്ണ ഈ പ്രൊജക്ടിന്‍റെ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍.
പുലിമുരുകന്‍റെ തെലുങ്ക് പതിപ്പായ മന്യം പുലി 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് വൈശാഖിന്‍റെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പുലിമുരുകന്‍ പോലെ ഒരു ബ്രഹ്മാണ്ഡ ചിത്രമൊന്നുമല്ല ഈ ദിലീപ് സിനിമയെങ്കിലും 15 കോടിക്കടുത്ത് ചെലവ് വരുമെന്ന് സൂചനകളുണ്ട്.
ഉദയപുരം സുല്‍ത്താന്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, സി ഐ ഡി മൂസ, റണ്‍വേ, വെട്ടം, കൊച്ചി രാജാവ്, ലയണ്‍, ചെസ്, കാര്യസ്ഥന്‍, മായാമോഹിനി, മിസ്റ്റര്‍ മരുമകന്‍, ശൃംഗാരവേലന്‍ തുടങ്ങി ദിലീപിന്‍റെ വമ്പന്‍ ഹിറ്റുകളില്‍ പലതും രചിച്ച ഉദയ്കൃഷ്ണ വീണ്ടും ദിലീപിന് വേണ്ടി ഒരു തിരക്കഥയെഴുതുമ്പോള്‍ വിജയം ആവര്‍ത്തിക്കും എന്നതില്‍ സംശയമില്ല.
പുലിമുരുകനെയും വെല്ലുന്ന ഒരു മെഗാഹിറ്റ് സംഭവിക്കുമോ? കാത്തിരിക്കാം.