കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 10 ഏപ്രില്‍ 2024 (12:17 IST)
പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം സിജു വിത്സന്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'പഞ്ചവത്സര പദ്ധതി'. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന സിനിമ പി.ജി. പ്രേംലാല്‍ സംവിധാനം ചെയ്യുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 26 മുതല്‍ ചിത്രം പ്രദര്‍ശനം ആരംഭിക്കും.
'കാത്തിരിപ്പ് അവസാനിക്കുന്നു. 'പഞ്ചവത്സരപദ്ധതി' തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. പ്രശസ്ത ചലച്ചിത്രവിതരണസ്ഥാപനമായ 'ഡ്രീം ബിഗ് ഫിലിംസ് ' മഞ്ഞുമ്മല്‍ ബോയ്‌സിനു ശേഷം വിതരണം ഏറ്റെടുത്തിരിക്കുന്ന സിനിമയെന്നത് സന്തോഷകരം. അപ്പോള്‍ ...ഏപ്രില്‍ 26 മുതല്‍ തിയേറ്ററുകളില്‍ കലമ്പാസുര ദര്‍ശനം',-സിജു വില്‍സണ്‍ കുറിച്ചു.
നിഷ സാരംഗ്, ഹരീഷ് പേങ്ങന്‍, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു.
സംഗീതം- ഷാന്‍ റഹ്‌മാന്‍, ഗാനരചന- റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരണ്‍ ദാസ്. 'എന്നാ താന്‍ കേസ് കൊട് ' എന്ന ചിത്രത്തിലെ മജിസ്‌ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണന്‍ ഒരു പ്രധാനവേഷം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം കൃഷ്‌ണേന്ദു എ. മേനോന്‍ നായികയാവുന്നു.